
ഉപജീവനത്തിനുള്ള സമരം എന്നത് മനുഷ്യാവാസ വ്യവസ്ഥിതിയുടെ ആരംഭം മുതല്‍ തുടര്‍ന്ന് വരുന്ന പ്രക്രിയയാണ്. ഒരു കാലത്ത് ജീവിക്കാനുള്ള വിഭവങ്ങള്‍ക്ക് വേണ്ടി നേരിട്ടുള്ള സമരമായിരുന്നു നടന്നതെങ്കില്‍, പണം വിനിമയമാര്‍ഗ്ഗത്തിനുള്ള ഉപാധിയായി ആവിര്‍ഭവിച്ചതോട് കൂടി സമരത്തിന്റെ രീതിശാസ്ത്രം പണത്തിനു വേണ്ടിയുള്ളതായി മാറി. മാറിവരുന്ന ആവാസവ്യവസ്ഥികള്‍ക്കനുസരിച്ച് ജീവിതത്തെ കെട്ടിപ്പടുക്കാനുള്ള തത്രപ്പാടില്‍ പണത്തോടുള്ള ആസക്തി മനുഷ്യന്റെ ചിന്തകളില്‍ നിന്നും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി. ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും തിരിച്ചറിയാന്‍ സാധിക്കാത്ത, ജീവിതമദ്ധ്യേ കടന്നുവരുന്ന പ്രതിസന്ധികള്‍ക്ക് മുന്നില്‍ കാണുന്നതെല്ലാം പ്രതീക്ഷയായി അനുഭവപ്പെടുന്ന, മനസ്സിന്റെ ഈ ആസക്തിയെയാണ് ലോട്ടറിവ്യവസായം ചൂഷണം ചെയ്യുന്നതും.