Pages

Thursday, June 14, 2007

ഭാഗ്യക്കുറികളിലെ മന:ശ്ശാസ്‌ത്രം

ഉപജീവനത്തിനുള്ള സമരം എന്നത്‌ മനുഷ്യാവാസ വ്യവസ്ഥിതിയുടെ ആരംഭം മുതല്‍ തുടര്‍ന്ന് വരുന്ന പ്രക്രിയയാണ്‌. ഒരു കാലത്ത്‌ ജീവിക്കാനുള്ള വിഭവങ്ങള്‍ക്ക്‌ വേണ്ടി നേരിട്ടുള്ള സമരമായിരുന്നു നടന്നതെങ്കില്‍, പണം വിനിമയമാര്‍ഗ്ഗത്തിനുള്ള ഉപാധിയായി ആവിര്‍ഭവിച്ചതോട്‌ കൂടി സമരത്തിന്റെ രീതിശാസ്‌ത്രം പണത്തിനു വേണ്ടിയുള്ളതായി മാറി. മാറിവരുന്ന ആവാസവ്യവസ്ഥികള്‍ക്കനുസരിച്ച്‌ ജീവിതത്തെ കെട്ടിപ്പടുക്കാനുള്ള തത്രപ്പാടില്‍ പണത്തോടുള്ള ആസക്തി മനുഷ്യന്റെ ചിന്തകളില്‍ നിന്നും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി. ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും തിരിച്ചറിയാന്‍ സാധിക്കാത്ത, ജീവിതമദ്ധ്യേ കടന്നുവരുന്ന പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ കാണുന്നതെല്ലാം പ്രതീക്ഷയായി അനുഭവപ്പെടുന്ന, മനസ്സിന്റെ ഈ ആസക്തിയെയാണ്‌ ലോട്ടറിവ്യവസായം ചൂഷണം ചെയ്യുന്നതും.


പിഴയ്‌ക്കുന്ന സാധ്യതകളുടെ കണക്കുകൂട്ടലുകളാണ്‌ ലോട്ടറി പോലുള്ള ചൂതാട്ടങളില്‍ മനുഷ്യമനസ്സില്‍ നടക്കുന്നത്. ചെലവഴിക്കുന്നതിന്റെ പതിന്മടങ്ങ്‌ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്‌ തിരികെ ലഭിക്കുമെന്ന അമിതപ്രതീക്ഷയില്‍ യാഥാര്‍ത്ഥ്യബോധം മങ്ങുമ്പോള്‍, വീണ്ടും വീണ്ടും അവിടേക്ക്‌ തന്നെ നടന്നടുക്കുന്നു. പത്ത്‌ ലക്ഷത്തില്‍ ഒന്ന് (ചില ലോട്ടറികളില്‍ പതിനാല്‌ മില്യണില്‍ ഒന്ന് എന്നതാണ്‌ തോത്‌) മാത്രമാണ്‌ ലാഭത്തിന്റെ സാധ്യത എന്ന സത്യവും അമിതപ്രതീക്ഷയുടെ മാനസികാവസ്ഥയില്‍ അലിഞ്ഞില്ലാതാകുന്നു. മദ്യവും മയക്കുമരുന്നും മനുഷ്യമസ്‌തിഷ്‌കത്തില്‍ പടര്‍ത്തുന്ന അതേ ഉന്മാദം തന്നെയാണ്‌, ലോട്ടറി പോലുള്ള ചൂതാട്ടങ്ങളും പടര്‍ത്തുന്നത്‌. ഇതേ കാരണം കൊണ്ട്‌ തന്നെയാണ്‌, മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവര്‍ക്കുള്ളത്‌ പോലെ, ചൂതാട്ടത്തിനടിപ്പെട്ടവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കേണ്ടി വരുന്നത്‌.

അലസമായ മനസ്സ്‌ ചൂതാട്ടത്തോട്‌ കൂടുതല്‍ അടുക്കുന്നത്‌ പോലെ തന്നെ, ചൂതാട്ടം മനുഷ്യമനസ്സിനെ കൂടുതല്‍ അലസമാക്കുന്നതിനും കാരണമാകുന്നു. ജോലി ചെയ്യാതെ കൂടുതല്‍ പണമുണ്ടാക്കുക എന്ന ചിന്തയില്‍ അഭിരമിക്കുന്നവരാണ്‌ ലോട്ടറിയെടുക്കുന്നവരിലധികവും. കടിഞ്ഞാണ്‍ നഷ്‌ടപ്പെട്ട തങ്ങളുടെ മനസ്സിനെ ചൂഷണം ചെയ്‌ത്‌ യഥാര്‍ത്ഥത്തില്‍ ലാഭം കൊയ്യുന്നത്‌ ലോട്ടറിമുതലാളിമാരാണെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. ലോട്ടറി മുതലാളിമാരുടെ ലാഭസാധ്യത ഒന്നില്‍ പത്താണെങ്കില്‍, ലോട്ടറി എടുക്കുന്നവരുടെ ലാഭസാധ്യത പത്തു ലക്ഷത്തില്‍ ഒന്ന് മാത്രമാണ്‌. ഈ വസ്‌തുത മനസ്സിലാക്കുന്നതില്‍ നിന്നും ലോട്ടറികളുടെ മായാവലയത്തിലകപ്പെട്ടവരെ തടയുന്നത്, തൊട്ടടുത്ത സാധ്യതയെക്കുറിച്ച അമിത പ്രതീക്ഷ തന്നെയാണ്‌. വളരെ പെട്ടെന്ന് സാധ്യമാകുമെന്ന് കരുതിയ ഒരു ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍, അതിനു വേണ്ടി ആവര്‍ത്തിച്ച്‌ പരിശ്രമിക്കുന്ന ഈയൊരു മാനസികാവസ്ഥയില്‍, താന്‍ നടത്തുന്ന ഇടപാടിനെക്കുറിച്ച്‌ ഒരു കൂട്ടിക്കിഴിക്കലിനു ഇവര്‍ സന്നദ്ധരാകാറില്ല. ഒരാള്‍ പതിനായിരം തവണ ലോട്ടറി എടുത്താലും അതില്‍ നിന്നും പുതുതായി ഒരു അറിവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല ബൗദ്ധികവളര്‍ച്ച മന്ദീഭവിക്കുന്നതിനു കൂടി അത്‌ കാരണമാകുമെന്ന സത്യം മനസ്സിലാക്കിയതു കൊണ്ടാകാം കമ്യൂണിസ്‌റ്റ്‌ താത്വികാചാര്യന്‍ ലെനിന്‍, ലോട്ടറികള്‍ ചൂതാട്ടമാണെന്നും അത്‌ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുവാണെന്നും പ്രഖ്യാപിച്ചത്‌.

പണത്തോടുള്ള ആസക്തിയാണ്‌ ഒരു കൂട്ടരെ ചൂതാട്ടത്തിലേക്ക്‌ നയിക്കുന്നതെങ്കില്‍, മറ്റൊരു കൂട്ടരെ ഇവിടേക്ക്‌ വലിച്ചിഴയ്‌ക്കുന്നത്‌ ലാഭനഷ്‌ടങ്ങളുടെ വ്യതിചലനങ്ങള്‍ മനസ്സിലുളവാക്കുന്ന ലഹരിയാണ്‌. മയക്കുമരുന്ന് നല്‍കുന്ന വേദനയെ ആസ്വദിക്കുന്ന ഭ്രാന്തമായ മസ്‌തിഷ്‌കവിഭ്രാന്തി പോലെ തന്നെ, നഷ്‌ടപ്പെടലുകളുടെ പിരിമുറുക്കം ആവേശമായി ആസ്വദിക്കുന്ന, നഷ്‌ടപ്പെട്ടതിനെ പിന്തുടര്‍ന്ന് കൈവശപ്പെടുത്താനുള്ള ഭ്രാന്തമായ ഒരു മാനസികസ്ഥിതിയാണ്‌ ഇവരുടേത്‌. എല്ലായ്‌പ്പോഴും ലക്ഷ്യത്തിനരികിലെത്തുകയും, പക്ഷെ അത്‌ നഷ്‌ടപ്പെടുകയും ചെയ്യുമ്പോള്‍, ഒരിക്കലും കൈവരിക്കാനാകാത്ത ആ ലക്ഷ്യത്തിനു വേണ്ടി പൂര്‍വ്വാധികം ആവേശത്തോട്‌ കൂടി പരിശ്രമിക്കുമ്പോള്‍ അനുഭവിക്കുന്ന ലഹരി. ഈ ലഹരിയില്‍ അഭിരമിക്കുമ്പോള്‍, ഇക്കൂട്ടര്‍ ഒരിക്കലും തങ്ങളുടെ സാമ്പത്തികസ്ഥിതിയെ കുറിച്ചോ ചുറ്റുപാടുകളെക്കുറിച്ചോ ചിന്തിക്കാറില്ല.

നഷ്‌ടങ്ങളെക്കുറിച്ച്‌ പുനര്‍വിചാരണ നടത്താത്ത, വീണ്ടും വീണ്ടും ലാഭസാധ്യതകളുടെ വ്യര്‍ത്ഥപ്രതീക്ഷകളുമായി പണം ചെലവാക്കുന്ന, ചൂതാട്ടത്തിന്റെ പിടിയിലായ ഇത്തരക്കാരില്‍ വിഷാദരോഗം പടരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്‌. ലഹരിക്കടിമപ്പെട്ടവര്‍ ഒരു ദിവസം ലഹരി കിട്ടാതാകുമ്പോള്‍ അനുഭവിക്കുന്ന ഭ്രാന്തമായ മാനസികപിരിമുറുക്കം തന്നെയാണ്‌ ലോട്ടറിക്കടിമപ്പെട്ടവരും അനുഭവിക്കുന്നത്‌. മറ്റൊരര്‍ത്ഥത്തില്‍ അതിനേക്കാളേറെ. നഷ്‌ടപ്പെട്ട പണത്തെക്കുറിച്ചുള്ള മാനസികവിഷമവും പുതിയ ലാഭസാധ്യതകളെക്കുറിച്ച സ്വപ്‌നങ്ങളും മാത്രമായി മാനസികമായ ഏകാന്തതയില്‍ കഴിഞ്ഞുകൂടുന്ന ഇത്തരക്കാര്‍ മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ വരികയും, കുടുംബ ബന്ധങ്ങളിലും സൗഹൃദബന്ധങ്ങളിലും ഉലച്ചില്‍ തട്ടുകയും ചെയ്യുന്നു. ക്രമേണ ജീവിതത്തോട്‌ വിരക്തി തോന്നുകയും, ഏതോ ചില ഘട്ടത്തില്‍ മാനസികവ്യതിചലനത്തിനു കാരണമാകുകയും ചെയ്യുന്നു എന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. ചില ഘട്ടങ്ങളില്‍ ഇത്‌ ആത്മഹത്യയിലേക്ക്‌ വരെ നയിക്കുന്നു. അമേരിക്കയില്‍ മാത്രം എട്ട്‌ മില്യണിലധികം ആളുകള്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന പഠന റിപ്പോര്‍ട്ട്‌, പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇത്തരക്കാരില്‍ വലിയൊരു വിഭാഗം ക്രമേണ മദ്യത്തിലേക്കും, മയക്കുമരുന്നിലേക്കും നീങ്ങുന്നു എന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

മദ്യത്തിനും മയക്കുമരുന്നിനുമടിപ്പെട്ടവര്‍ ബാഹ്യലക്ഷണങ്ങള്‍ കാണിക്കുമെങ്കില്‍, ലോട്ടറികളുടെ മായാവലയത്തിലകപ്പെട്ടവരുടേത്‌ അദൃശ്യമായ അടിമത്തമാണ്‌. ഇവര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാറില്ല. കാരണം, ഏത്‌ ഘട്ടത്തിലും തനിക്ക്‌ സ്വയം ഇതില്‍ നിന്നും പിന്മാറാന്‍ സാധിക്കുമെന്ന് ഇവര്‍ ധരിക്കുന്നു. ലഹരിക്കടിപ്പെട്ടവര്‍ സൂക്ഷിക്കുന്നതും ഇതേ മിഥ്യാധാരണയാണ്‌. താന്‍ ലോട്ടറിക്കടിപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യത്തെ ഇവര്‍ ഒരിക്കലും അംഗീകരിക്കുകയുമില്ല. അത്‌ കൊണ്ട്‌ തന്നെ, ഇക്കൂട്ടരുടെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ഇവരുടെ ജീവിതത്തിലേക്ക്‌ നേരിട്ട്‌ ഇടപെടല്‍ നടത്തുന്നതാണ്‌ ഉചിതം. ലോട്ടറി വ്യവസായത്തിനു പിന്നിലെ ചതിക്കുഴികളെക്കുറിച്ചുള്ള അറിവില്ലായ്‌മയാണ്‌ ഇക്കൂട്ടര്‍ വീണ്ടും വീണ്ടും ലോട്ടറിയെടുക്കുന്നതിനു മുതിരാന്‍ കാരണമാകുന്നത്‌. നഷ്‌ടപ്പെട്ടതിനെ കുറിച്ച്‌ ചിന്തിക്കാതെ, തനിക്ക്‌ ലഭിക്കാന്‍ പോകുന്ന ലാഭത്തെക്കുറിച്ച്‌ മാത്രം സ്വപ്‌നം കാണുന്ന ഇക്കൂട്ടര്‍ പക്ഷെ, ലാഭത്തിന്റെ സാധ്യത എത്രയാണെന്ന് തിരിച്ചറിയാതെ പോകുന്നു. ദശലക്ഷത്തില്‍ ഒരാളുടെ വിജയം കൊട്ടിഘോഷിക്കുകയും, ബാക്കി വരുന്ന 99.99 ശതമാനം ആളുകളുടെ പരാജയത്തെ മൂടിവെക്കുകയും ചെയ്യുന്ന വഞ്ചനയുടെ പരസ്യതന്ത്രങ്ങള്‍ കൂടിയാകുമ്പോള്‍, ലോട്ടറിയെടുക്കുന്ന സാധാരണ ജനം വീണ്ടും വിഡ്ഢികളാക്കപ്പെടുന്നു.
ഭാഗ്യക്കുറികളിലെ മന:ശ്ശാസ്‌ത്രംSocialTwist Tell-a-Friend

2 comments:

  1. ഇതെന്താ ആരും ഇത്‌ കണ്ടില്ലേ. ഒരു നല്ല ലേഖനം.

    സമൂഹത്തിനെ കാര്‍ന്നുതിന്നുന്ന ഒരു വിപത്താണ്‌ ഇന്നത്തെകാലത്തെ ലോട്ടറികള്‍.. പ്രത്യേകിച്ചും ഓണ്‍ലൈന്‍ ലോട്ടറികള്‍.
    പക്ഷേ എന്തു ചെയ്യാം മാഫിയകളുടെ കൈപ്പിടിയിലാണ്‌ ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പുകള്‍ എന്നുവേണം കരുതാന്‍.
    -- അത്യാഗ്രഹം ആപത്ത്‌ --

    ReplyDelete
  2. ദശലക്ഷത്തില്‍ ഒരാളുടെ വിജയം കൊട്ടിഘോഷിക്കുകയും, ബാക്കി വരുന്ന 99.99 ശതമാനം ആളുകളുടെ പരാജയത്തെ മൂടിവെക്കുകയും ചെയ്യുന്ന വഞ്ചനയുടെ പരസ്യതന്ത്രങ്ങള്‍ കൂടിയാകുമ്പോള്‍, ലോട്ടറിയെടുക്കുന്ന സാധാരണ ജനം വീണ്ടും വിഡ്ഢികളാക്കപ്പെടുന്നു.
    ഇത് ഈ വ്യവസ്ഥക്കു തന്നെ ബാധകമായ വാചകമാണ്.

    ReplyDelete