ഏതൊരു വസ്‌തുവിന്റെയും പ്രക്രിയയുടേയും കാലാനുസൃതമായ മാറ്റമെന്നത് സര്‍വ്വസാധാരണമാണ്. ചരിത്രത്തിലങ്ങോളമിങ്ങോളം ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ സംസ്‌കൃതികളും, പഴയ ഏതോ ചില സംസ്‌കൃതികളുടെ പുനരാവിഷ്‌കരണമാണെന്നു കാണാന്‍ സാധിക്കും. ഇത്തരം പുനരാവിഷ്‌കരണങ്ങള്‍ക്കും സംസ്‌കാരങ്ങളുടെ രൂപാന്തരങ്ങള്‍ക്കും പലപ്പോഴും അടിസ്ഥാനമായി വര്‍ത്തിക്കാറുള്ളത് ഭൗതികതയിലധിഷ്‌തിതമായ മനുഷ്യചിന്തകളാണ്. അതിരുകളിഷ്‌ടപ്പെടാത്ത സ്വാതന്ത്ര്യവാദവും അന്ധമായ ഭൗതികപ്രമത്തതയും പലപ്പോഴും ഇത്തരം രൂപാന്തരങ്ങള്‍ക്ക് പ്രചോദനമാകുന്ന പ്രധാന ഘടങ്ങളാണ്. ചരിത്രത്തില്‍ ഇത്തരം പുനരാവിഷ്‌കരങ്ങളുടെ പല ഘട്ടങ്ങളിലും ധാര്‍മികതയും സദാചാരവും വായനാവിധേയമാക്കാറില്ല. പുനരാവിഷ്‌കരണങ്ങള്‍ പലതും അനാത്‌മവാദത്തിലധിഷ്‌ഠിതമാകുമ്പോള്‍, അവിടെ സദാചാരവും ധാര്‍മികവും സംബന്ധിച്ച വാദങ്ങള്‍ക്ക് സൈദ്ധാന്തികമായ ശാക്തീകരണം ലഭിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മനുഷ്യജീവിതത്തിലെ അരാജകത്വം, അധര്‍മ്മം, മൂല്യച്ച്യുതി എന്നിത്യാദി ആധികള്‍ക്ക് വില കല്‍പ്പിക്കപ്പെടാതെ പോകുന്നു.
മാനുഷികമൂല്യങ്ങളുടെയും സാമൂഹിക ജീവിതവ്യവസ്ഥിതിയുടേയും അടിക്കല്ലിളകാന്‍ മാത്രം ശക്തമായ ഇത്തരം മെറ്റീരിയലിസ്റ്റിക് ചിന്താധാരകള്‍ കാലത്തിന്റെ ഏതെല്ലാം ഘട്ടങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ടൊ, അപ്പോഴെല്ലാം സദാചാരത്തിന്റെയും ധാര്‍മികതയുടെയും ഭൂമികയില്‍ പാദങ്ങളുറപ്പിച്ച ചെറുസംഘങ്ങളുടെ വിമതസ്വരം ഉയര്‍ന്നുവന്നിട്ടുണ്ട്. സമകാലത്തിലെ ഇത്തരം സ്വരങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നതായിരുന്നു എസ്.ഐ.ഒ-വിന്റേത്. വിദാര്‍ത്ഥികളുടെ കേവലം ഭൗതിക പ്രശ്‌നങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളേക്കുപരി, വിദ്യാര്‍ത്ഥിത്വത്തെക്കുറിച്ചും വിദ്യാര്‍ത്ഥിയുടെ സ്വത്വത്തെക്കുറിച്ചുമുള്ള ഗൗരവപ്പെട്ട വിചാരങ്ങളാണ് എസ്.ഐ.ഒ-വിന്റെ ആരംഭഘട്ടം മുതല്‍ കണ്ടിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയെന്നോണാണ്, 'സദാചാരത്തിനു വേണ്ടി ഒരു പെരുവിരല്‍' എന്ന കാമ്പയിനോടനുബന്ധിച്ച് 'അതിരടയാളങ്ങള്‍' എന്ന തലക്കെട്ടില്‍ ലേഖനസമാഹാരം പ്രസിദ്ധീകരിച്ചത്. പുസ്‌തകത്തിന്റെ മുഖമൊഴിയില്‍ സൂചിപ്പിച്ചത് പോലെ സദാചാരം, കുടുംബം, ലൈംഗികത, പ്രണയം തുടങ്ങിയവയെ വൈയക്തിക അനുഭവങ്ങള്‍ക്കപ്പുറത്ത് സൈദ്ധാന്തികവും സാമൂഹികവുമായ ചില ചോദ്യങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും മനുഷ്യനെയും സമൂഹത്തേയും കുറിച്ച് ഗൗരവത്തില്‍ അലോചിക്കുന്നവര്‍ ഇടപെടേണ്ട സാഹചര്യം അനിവാര്യമായിട്ടുണ്ടെന്നുമുള്ള ചിന്തയില്‍ നിന്നാണ് ഈ പുസ്‌തകം പിറവി കൊള്ളുന്നത്. നവലിബറല്‍ സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തില്‍ വളരുന്ന ഉദാരലൈംഗികത പോലുള്ള ഉത്തരാധുനിക ചിന്തകളുടെ ഉള്ളടക്കശൂന്യതയെ സദാചാരത്തിന്റെയും ധാര്‍മികതയുടെയും അടിയാധാരങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ട് നിശിതമായി വിചാരണ ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് 'അതിരടയാളങ്ങള്‍'.
'മാധ്യമം' പിരിയോഡിക്കല്‍സ് എഡിറ്റര്‍ വി.എ.കബീറിന്റെ 'എവിടെയാണ് സദാചാരത്തിന്റെ ആ വേര്‍തിരിവുകള്‍' എന്ന ലേഖനത്തോട് കൂടിയാണ് പുസ്‌തകം ആരംഭിക്കുന്നത്. അന്തമില്ലാത്ത വ്യക്തിസ്വാതന്ത്ര്യവാദവും മനുഷ്യകേന്ദ്രീകൃതമായ സംസ്‌കാരവും മനുഷ്യപ്രകൃതത്തെ അവന്റെ ജന്തുത്വത്തിലേക്കും ലിംഗത്തിലേക്കും ചുരുക്കിക്കെട്ടുന്നതിലേക്ക് നയിച്ചു എന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നു. ദൈവാഭിവിന്യാസമുള്ള സംസ്‌കാരത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ കര്‍ക്കശമായ ഉത്തരവാദബോധത്തില്‍ ക്ലിപ്‌തമാക്കുന്ന മൂല്യമണ്ഡലവും, നാഗരികതയുടെ അടിസ്ഥാനശിലയായ കുടുംബയൂണിറ്റുകളുടെ ഭദ്രതയും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അധ്യാപകന്‍ എന്‍.മുഹമ്മദലിയുടെ 'ഇസ്‌ലാമിക സ്ത്രീവാദത്തിന്റെ സാമ്രാജ്യത്ത ചരടുകള്‍' എന്ന ലേഖനം ഇസ്‌ലാമിക് ഫെമിനിസത്തിന്റെ രാഷ്ട്രീയവും അതിനു പിന്നിലെ സാമ്രാജ്യത്ത ചരടുവലികളേയും വ്യക്തമായ സൂചികകള്‍ നിരത്തി വസ്‌തുനിഷ്‌ഠമായി പുനര്‍വായന നടത്തുന്നു. സ്ത്രീപുരുഷ പാരസ്‌പര്യം എന്ന യാഥാര്‍ത്ഥ്യത്തിനു മേല്‍ സ്ത്രീ-പുരുഷ സമത്വവാദത്തിലൂടെ വ്യക്തിപരമാധികാരവും, വ്യക്തിപരമാധികാരങ്ങളിലൂടെ അധികാരവികേന്ദ്രീകരണവും, അധികാരവികേന്ദ്രീകരണങ്ങളിലൂടെ സാമൂഹികതകര്‍ച്ചയും എന്ന സാമ്രാജ്യത്തശക്തികളുടെ ഗൂഢലക്ഷ്യങ്ങളുടെ സാക്ഷാത്‌കാരത്തിനു വേണ്ടി ഇസ്‌ലാമിക ഫെമിനിസം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഈ ലേഖനം വിശദമാക്കുന്നു.
ടി.മുഹമ്മദ് എഴുതിയ സമൂഹവും സദാചാരവും എന്ന ലേഖനത്തില്‍ കുടുംബ ഭദ്രതയെ കുറിച്ച് വിശദീകരിക്കുന്നു. ലൈംഗികത ദാമ്പത്യബാഹ്യമാകുകയും, സമൂഹം ലൈഗികാതുരമാകുകയും ചെയ്യുന്നതിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങളും കുടുംബത്തിന്റെ തകര്‍ച്ചയിലൂടെ നവമുതലാളിത്തം തേടുന്ന ലക്ഷ്യങ്ങളും തുടങ്ങി; സ്‌ത്രീയും പുരുഷനും ചേരുന്ന കുടുംബം എന്ന പ്രക്രിയയേയും വസ്‌തുനിഷ്‌ഠമായി വിശദീകരിക്കുന്നു. നവലൈഗികവാദത്തിന്റേയും, സ്‌ത്രീപക്ഷവാദത്തിന്റേയും, വേശ്യാലയങ്ങളെ ജനകീയവത്‌കരിക്കാനുള്ള ശ്രമങ്ങളുടെയും പിന്നിലെ ദൗര്‍ബല്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെയുള്ള ഒരു തുറന്നെഴുത്താണീ ലേഖനം.
പുസ്‌തകത്തിന്റെ എഡിറ്റര്‍ കൂടിയായ ജമീല്‍ അഹ്‌മദിന്റെ 'സ്‌ത്രീവാദം, പെണ്ണെഴുത്ത് - മറുവായനക്കുള്ള ചില നിരീക്ഷണങ്ങള്‍' എന്ന ലേഖനം ഫെമിനിസ്‌റ്റ് പ്രസ്ഥാങ്ങളേയും പെണ്ണെഴുത്ത് വാദങ്ങളേയും അവയുടെ തന്നെ ഭൂമികയില്‍ നിന്ന് കൊണ്ടുള്ള നിരൂപണമാണ്. ജമീല്‍ അഹ്‌മദിന്റെ തന്നെ 'പ്രണയം ലൈംഗികമായ ഒരു ഏര്‍പ്പാടാണ്' എന്ന ലേഖനത്തില്‍ പ്രണയം, രതി, അശ്ലീലത, തുടങ്ങിയ വാക്കുകളുടെ ഭാഷാര്‍ത്ഥങ്ങളേയും സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടതും പ്രാവര്‍ത്തികമാക്കപ്പെടതുമായ അര്‍ത്ഥതലങ്ങളേയും വിശകലനം ചെയ്യുന്നു. ഈ വാക്കുകളുടെ സത്തയെ മുതലാളിത്തം ഏതെല്ലാം രീതിയില്‍ ചൂഷണം ചെയ്യുന്നു എന്നും ഈ ലേഖനം വിശകലനം ചെയ്യുന്നു.
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അനീസുദ്ദീന്‍ അഹ്‌മദിന്റെ 'ലൈഗികച്യുതിയുടെ സാംസ്‌കാരികചരിത്രം' ആണ് മറ്റൊരു ലേഖനം. നവലൈംഗികവാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന സ്വതന്ത്രലൈംഗികതയിലേക്കും ലൈഗികജനാധിപത്യത്തിലേക്കും നീളുന്ന നേര്‍രേഖയിലൂടെയുള്ള പഠനയാത്രയാണ് പ്രസ്‌തുത ലേഖനം.
മറ്റൊരു ലേഖനമായ 'ഫ്രോയിഡിന്റെ പ്രേതങ്ങള്‍', എന്‍.എം.ഹുസൈന്‍ രചിച്ചതാണ്. ലേഖനത്തിന്റെ തലക്കെട്ടു പോലെ തന്നെ ശവക്കുഴിയില്‍ നിന്ന് പുറത്തെടുക്കപ്പെട്ട ഫ്രോയിഡന്‍ സിദ്ധാന്തങ്ങളേയും, അതിന്റെ പിന്നാമ്പുറ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചാലോചിക്കാന്‍ മെനക്കെടാതെ സിദ്ധാന്തങ്ങള്‍ മെനയുന്ന കേരളത്തിലെ 'ബുദ്ധിജീവികളുടേയും' സാഹിത്യകാരന്മാരുടേയും വിഡ്ഢിത്തങ്ങളെ തുറന്നുകാട്ടുന്നതാണ് ലേഖനം.
ലാവണ്യാനുഭൂതികളെ പ്രകാശിപ്പിക്കലും സൗന്ദര്യം വെളിപ്പെടുത്തലും മാത്രമാണ് കല എന്ന മതം ചോദ്യം ചെയ്യപ്പെടുകയാണ് എം.നൗഷാദ് എഴുതിയ 'കലയും സദാചാരവും' എന്ന ലേഖനത്തില്‍. സൗന്ദര്യാത്മക കലയേക്കാളുപരി കല പ്രകാശിപ്പിക്കേണ്ട ഒരു സത്യവും സ്‌നേഹവും സദാചാരവും ഉണ്ടെന്ന് ഈ ലേഖനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പുസ്‌തകം അവസാനിക്കുന്നത് തഫ്‌സല്‍ ഇജാസിന്റെ 'ധാര്‍മികപ്രശ്‌നങ്ങളുടെ പരിഹാരം എവിടെ' എന്ന ലേഖനത്തോടു കൂടിയാണ്. തലക്കെട്ടു സൂചിപ്പിക്കുന്നത് പോലെ, ലേഖനത്തില്‍ ധാര്‍മികത നിര്‍വചിക്കപ്പെടുകയും ധാര്‍മികപ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
ഉദാരലൈംഗികതയേയും, പുതുകാല സ്‌ത്രീവാദങ്ങളേയും ധാര്‍മികതയുടേയും സദാചാരത്തിന്റെയും പക്ഷത്തു നിന്നു കൊണ്ട് സൈദ്ധന്തികമായും വസ്‌തുനിഷ്‌ഠമായും വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ പുസ്‌തകമാണ് 'അതിരടയാളങ്ങള്‍' എന്നു പറയുന്നത് അതിശയോക്തി ആകുമെന്ന് തോന്നുന്നില്ല. എസ്.ഐ.ഒ കേരള സോണ്‍ പ്രസിദ്ധീകരിച്ച്, ഐ.പി.എച്ച് വിതരണം ചെയ്യുന്ന 'അതിരടയാളങ്ങള്‍', സദാചാരത്തിന്റേയും ധാര്‍മികതയുടെയും നേര്‍പക്ഷത്തും എതിര്‍പക്ഷത്തും നിലകൊള്ളുന്നവര്‍ക്ക് ഒരു പോലെ താരതമ്യപഠനത്തിനുപകരിക്കുന്ന പുസ്‌തകമാണ് എന്നത് സംശയരഹിതമാണ്.
അഭിനന്ദനങ്ങള്‍ ഡ്രിസില്‍.
ReplyDeleteസദാചാരത്തേയും കുടുംബത്തേയും കുറിച്ച ചര്‍ച്ചയില്‍ മനുഷ്യനേയും മൂല്യങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു പുസ്തകത്തെ മലയാളബൂലോഗത്തിന് പരിചയപ്പെടുത്തിയതിന്. മതേതരവും ഭൌതികവാദപരവുമായ ആത്യന്തികവാദങ്ങള്‍ കുടുംബത്തേയും സദാചാരത്തേയും വേരോടെ പിഴുതെറിയാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കെ മനുഷ്യന്‍ വെറുമൊരു ഇറച്ചിക്കഷ്ണമല്ല എന്ന് ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു ചെറുകൂട്ടരെങ്കിലും നമുക്കുണ്ടല്ലോ എന്നറിയുമ്പോള്‍ സത്യമായും ദൈവത്തിന് നന്ദി പറയുന്നു.