Pages

Wednesday, November 08, 2006

അഫ്‌സലിനെ കുറിച്ച്‌ ഇനിയും ചിലത്‌

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകമായ ഇന്ത്യന്‍ പാര്‍ലമന്റ്‌ അക്രമണകേസിലെ 'സൂത്രധാരന്‍' മുഹമ്മദ്‌ അഫ്‌സലിനു വേണ്ടിയുള്ള ദയാഹരജിയില്‍, രാഷ്‌ട്രപതിയുടെ തീരുമാനവും കാത്തിരിക്കുകയാണ്‌ ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളും. മുഴുവന്‍ കോടതികളും വധശിക്ഷക്ക്‌ വിധിച്ച ഈ 'ഭീകരനു' വേണ്ടിയുള്ള ദയാഹരജിയില്‍ രാഷ്‌ട്രപതിക്കും ഗവണ്‍മെന്റിനും ഒരു തീരുമാനമെടുക്കാന്‍ എന്തേ ഇത്ര കാലതാമസം? ഇനി അഥവാ രാഷ്‌ട്രപതിയെങ്ങാനും ആ ദയാഹരജി സ്വീകരിച്ചാല്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്കും കോളമിസ്‌റ്റുകള്‍ക്കും, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥിയുടെ കാരുണ്യത്തിന്റെ മാഹാത്മത്യത്തെക്കുറിച്ചെഴുതാന്‍ പുതിയൊരു വിഷയം കൂടി ലഭിച്ചു.


പാര്‍ലമന്റ്‌ അക്രമണത്തെ കുറിച്ച്‌ ഇനിയൊരു മുഖവുര ആവര്‍ത്തന വിരസതക്ക്‌ കാരണമാകും. ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ച സംഭവം. മറ്റൊരു ഇന്ത്യ-പാക്ക്‌ യുദ്ധ-സാധ്യതയുടെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവം.. അത്‌ കൊണ്ട്‌ തന്നെ, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കണമെന്നതും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നതും ഏതൊരു ഇന്ത്യന്‍ പൌരനും ആഗ്രഹിക്കുന്നതാണ്‌. അന്വേഷണ സംഘം പ്രതിയെ കണ്ടെത്തി. പ്രതിക്കു നല്‍കിയ വധശിക്ഷ, ഹൈകോടതി, സുപ്രീം കോടതി എന്നീ മുതിര്‍ന്ന നീതിപീഠങ്ങളും ശരിവെച്ചു. സമാനതകളില്ലാത്ത ഇത്തരമൊരു അക്രമണകേസിലെ പ്രതിയെ കയ്യില്‍ കിട്ടുമ്പോള്‍ മുഖം നോക്കാതെ കല്ലെറിയുക എന്നത്‌ ഏതൊരു രാജ്യസ്‌നേഹിയുടേയും വികാരത്തിന്റെ ഭാഗമാണ്‌. ബ്ലോഗുകളിലും കണ്ടു ഇങ്ങനെ കുറെ വികാരാധീനമായ പോസ്‌റ്റുകള്‍. ആ വികാരത്തള്ളിച്ചയില്‍ പല സത്യങ്ങളും, ചര്‍ച്ച ചെയ്യപ്പെടേണ്ട യാഥാര്‍ഥ്യങ്ങളും ചവിട്ടിയരക്കപ്പെടുന്നു എന്നത്‌ സ്വാഭാവികം. അത്‌ കൊണ്ട്‌ തന്നെ നമ്മുടെ ചര്‍ച്ചകള്‍, പ്രതിക്കു വധശിക്ഷ വിധിക്കണോ, ജീവപര്യന്തം വിധിക്കണോ എന്നിവിടങ്ങളില്‍ ഒതുങ്ങി. അഫ്‌സലിനോട്‌ യാതൊരു കരുണയും കാണിക്കരുതെന്ന് മറ്റു ചില രാജ്യസ്‌നേഹികള്‍. മേധാ പട്‌കറും, അരുന്ധതീ റോയിയും, നിര്‍മലാ ദേശ്‌ പാണ്‍ഠെയും, ജമാ-അത്തെ ഇസ്‌ലാമിയും മറ്റും അഫ്‌സലിന്റെ വധശിക്ഷക്കെതിരെ ഒത്തു ചേരുകയും, ഈ കേസിന്റെ അന്വേഷണത്തെയും കോടതി വിധിയേയും ശക്തമായി സംശയിക്കുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ അവര്‍ക്കു മേല്‍ കണ്ണടച്ചു രാജ്യദ്രോഹീ സ്‌റ്റാമ്പ്‌ പതിക്കുകയല്ല വേണ്ടത്‌. കുറഞ്ഞ പക്ഷം അവര്‍ എന്തിനിത്ര മാത്രം പ്രക്ഷോഭങ്ങള്‍ നടത്തുന്നു എന്നെങ്കിലും അറിയാന്‍ ശ്രമിക്കേണ്ടതുണ്ട്‌.

ഇവിടെ ആവര്‍ത്തിക്കേണ്ടതില്ലാത്ത ഒരു കാര്യം, കോടതി വിധിയിലെ വാക്കുകള്‍. അഫ്‌സലിനെതിരില്‍ നേരിട്ടുള്ള യാതൊരു തെളിവുമില്ലെന്നും ഈ വിധി സാഹചര്യ തെളിവുകളുടെ അടിസ്‌ഥനത്തിലാണെന്നും നാമെല്ലാം കോടതി വിധിയുടെ പകര്‍പ്പില്‍ വായിച്ചതാണ്‌. കോടതിയില്‍ ഹാജരാക്കപ്പെട്ട 80 സാക്ഷികളില്‍ ഒരാള്‍ പോലും അഫ്‌സലിനു ഏതെങ്കിലും ടെററിസ്‌റ്റ്‌ ഗ്രൂപുകളുമായി ബന്ധമുള്ളതായി അറിവുണ്ടെന്ന് പറഞ്ഞിട്ടില്ല. അത്‌ കോടതിയും വിധിന്യായത്തില്‍ വ്യക്തമാക്കി. ജൈഷെ മുഹമ്മദ്‌ മിലിട്ടന്റ്‌, മുഹമ്മദിനെ കാഷ്‌മീരില്‍ നിന്നും ഡല്‍ഹിയിലേക്ക്‌ കൊണ്ട്‌ വന്നത്‌ താനാണെന്ന് അഫ്‌സല്‍ കോടതിയില്‍ വെച്ചു തന്നെ സമ്മതിച്ചിരുന്നു. പക്ഷെ, മുഹമ്മദുമായി അഫ്‌സലിന്റെ ബന്ധം തുടങ്ങിയതെപ്പോള്‍, അഫ്‌സല്‍ മുഹമ്മദിനെ പരിചയപ്പെടുന്നതെവിടെ എന്നിത്യാതി കാര്യങ്ങളൊന്നും ആരും അന്വേഷിക്കാന്‍ തരപ്പെട്ടില്ല. എസ്‌.ടി.എഫ്‌-ലെ ഒരു ഓഫീസറാണ്‌ തനിക്ക്‌ മുഹമ്മദിനെ പരിചയപ്പെടുത്തിയതെന്നും തന്നോട്‌ മുഹമ്മദിനെ ഡല്‍ഹിയിലേക്ക്‌ കൊണ്ട്‌ പോകാനും, ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്‌ത്‌ കൊടുക്കാനും ആവശ്യപ്പെട്ടതെന്നുമുള്ള അഫ്‌സലിന്റെ വാദങ്ങള്‍ ഒരു കുറ്റവാളിയുടെ ഒഴിഞ്ഞുമാറല്‍ എന്ന അര്‍ത്ഥത്തില്‍ നമുക്ക്‌ തള്ളിക്കളയാം. അഫ്‌സല്‍ ഒന്നു കൂടി പറഞ്ഞു. തന്റെ മൊബൈല്‍ ഫോണ്‍ വ്യക്തമായി പരിശോധിച്ചിരുന്നെങ്കില്‍ എസ്‌.ടി.എഫ്‌-ഇല്‍ നിന്നുള്ള നമ്പറുകള്‍ കാണാമായിരുന്നു. ആ നമ്പറുകളില്‍ നിന്നും വന്ന കോളുകളുടെ സമയവും മറ്റും പരിശോധിച്ചാല്‍ തന്നെ കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരാവുന്നതേയുള്ളൂ.

എസ്‌.ടി.എഫ്‌-ന്റെ നിരീക്ഷണത്തിലുള്ള ഒരു സറണ്ടേര്‍ഡ്‌ മിലിട്ടന്റായ അഫ്‌സല്‍, കുറെ 'പാക്‌ ഭീകരരുമായി' ചേര്‍ന്ന് ഇത്തരമൊരു വലിയ ആക്രമണം പ്ലാന്‍ ചെയ്‌തിട്ടും, ഒരു ആര്‍മിയും അതിനെ കുറിച്ച്‌ അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതിനെ എസ്‌.ടി.എഫ്‌-ന്റെ ഭാഗത്ത്‌ നിന്നുള്ള വീഴ്‌ചയായി ആണോ കാണേണ്ടത്‌? ജെ.കെ.എല്‍.എഫ്‌-ന്റെ സറണ്ടേര്‍ഡ്‌ മിലിട്ടന്റായ താന്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ടെന്നും, പക്ഷെ എസ്‌.ടി.എഫ്‌, ബി.എസ്‌.എഫ്‌ തുടങ്ങീ സേനകളിലെ ഉദ്യോഗസ്ഥരില്‍ നിന്നും നിരന്തരമായി പീഡനങ്ങളനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും, അവര്‍ പിടിച്ചു കൊണ്ടു പോയ 6000-ലധികം യുവാക്കളെക്കുറിച്ച്‌ ഇന്നും യാതൊരു വിവരവും ഇല്ലെന്നുമുള്ള അഫ്‌സലിന്റെ വെളിപ്പെടുത്തലുകള്‍ നമുക്ക്‌ ചിരിച്ചു കൊണ്ട്‌ തള്ളാം. കാരണം, അഫ്‌സല്‍ പാക്ക്‌ ഭീകരനാണ്‌, അഫ്‌സല്‍ രാജ്യദ്രോഹിയാണ്‌. അവന്റെ വാക്കുകള്‍ വിശ്വസിക്കരുത്‌. പക്ഷെ, 'അപ്രത്യക്ഷരായ' തങ്ങളുടെ ഉറ്റവര്‍ക്ക്‌ വേണ്ടി കാഷ്‌മീരില്‍ ആയിരങ്ങള്‍ ഒത്തു ചേര്‍ന്നത്‌ നാം ദിനങ്ങള്‍ക്ക്‌ മുന്‍പ്‌ മാധ്യമങ്ങളില്‍ വായിച്ചതും നമുക്ക്‌ ചിരിച്ചു കൊണ്ട്‌ തള്ളാന്‍ സാധിക്കുമോ? ഇന്ത്യന്‍ സേന കാശ്‌മീരികള്‍ക്ക്‌ അധിനിവേശ സേനയായി മാറുന്നു എന്നാരെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരെ രാജ്യസ്നേഹത്തിന്റെ ബൂട്ടിട്ടു ചവിട്ടിയിട്ടു കാര്യമില്ല. പാര്‍ലമന്റ്‌ ആക്രമണത്തില്‍ മരിച്ച ഒരു ഭീകരന്റെ മൃതദേഹവും താന്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും, അവര്‍ തന്നെ കൊണ്ട്‌ ചില പേരുകള്‍ നിര്‍ബന്ധപൂര്‍വം പറയിക്കുകയായിരുന്നെന്നും അഫ്‌സല്‍ ആരോപിച്ചതും, മുകളില്‍ പ്രതിപാദിച്ച കാര്യങ്ങളും ചേര്‍ത്തു വായിച്ചാല്‍..?? നേരത്തെ ഹൈകോടതി തന്നെ ഒബ്‌സേര്‍വ്‌ ചെയ്‌തതായിരുന്നു, അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖകള്‍ കൃത്രിമമായി നിര്‍മിച്ചിട്ടുണ്ടെന്ന്. സുപ്രീം കോടതിയും അഫ്‌സലിന്റെ കൊണ്‍ഫഷണല്‍ സ്‌റ്റേറ്റ്‌മെന്റിനെ സംശയിച്ചു. ആ സ്റ്റേറ്റ്‌മന്റ്‌ ബലം പ്രയോഗിച്ച്‌ ചെയ്യിച്ചതാണെന്നതിനു വ്യക്തമായ സൂചനകളുണ്ടായിരുന്നു. എന്നിട്ടും, സുപ്രീം കോടതി അഫ്‌സലിന്റെ വധ ശിക്ഷ ശരിവെച്ചു. സമൂഹ മനസ്സാക്ഷിയുടെ തൃപ്‌തിക്കു വേണ്ടി... മീഡിയകള്‍ സമൂഹത്തില്‍ രൂപപ്പെടുത്തിയ മനസ്സാക്ഷിയുടെ തൃപ്‌തിക്ക്‌...

സുപ്രീം കോടതി തന്നെ ഉന്നയിച്ച ഒരു ആരോപണമുണ്ടായിരുന്നു. അറസ്‌റ്റ്‌ ചെയ്‌ത്‌, പ്രതിയുടെ മൊഴിയെടുക്കാന്‍ നിയമപ്രകാരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാത്തതിനു വ്യക്തമായ യാതൊരു കാരണവും കാണിച്ചില്ല എന്നത്‌ മറ്റൊരു വശം. പോട്ടോ അനുസരിച്ചുള്ള കേസുകള്‍ക്ക്‌ അതിന്റെ ആവശ്യമില്ല എന്നാണെങ്കില്‍, സുപ്രീം കോടതിയുടെ വിധിയില്‍ ഇങ്ങനെ ഒരു വാക്യം വരേണ്ടതില്ലായിരുന്നു.

എന്ത്‌ കൊണ്ട്‌ അഫ്‌സലിനു വ്യക്തമായ നിയമസഹായം ലഭിച്ചില്ല എന്നത്‌ വെറും പൊള്ളവാദമെന്ന് പറയുന്നവരുണ്ട്‌. പക്ഷെ, ഇവിടെ കാണേണ്ട ചില സത്യങ്ങളുണ്ട്‌. ട്രയല്‍ കോര്‍ട്ടില്‍ അഫ്‌സലിനു വേണ്ടി നിയോഗിക്കപ്പെട്ട അമേകസ്‌ ക്യൂരെ ആയിരുന്നു സീമ ഗുലാതി. പക്ഷെ, രണ്ട്‌ മാസങ്ങള്‍ കൊണ്ട്‌ സീമ അതില്‍ നിന്നും പിന്‍മാറി. തുടര്‍ന്ന്, സീമയുടെ ജൂനിയര്‍, നീരജ്‌ അമേകസായി ചാര്‍ജേറ്റുത്തു. അഫ്‌സല്‍ അതില്‍ അതൃപ്‌തി രേഖപ്പെടുത്തുകയും വേറെ നാലു അഡ്വകേറ്റുകളെ ആ സ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. പക്ഷെ, നാലു പേരും ചാര്‍ജെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നീരജ്‌ തന്നെ അമേകസ്‌ ആയി തുടരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം സാക്ഷികളെ ക്രോസ്‌-ചെക്ക്‌ ചെയ്‌തില്ല എന്ന് മാത്രമല്ല, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഒരിക്കല്‍ പോലും അഫ്‌സലിനെ അദ്ദേഹം കാണാന്‍ ശ്രമിച്ചതുമില്ല. പിന്നീടീയടുത്ത്‌, പ്രശസ്‌ത അഭിഭാഷകന്‍ രാം ജത്‌മലാനി അഫ്‌സലിനു വേണ്ടി വാദിക്കാന്‍ മുന്നോട്ട്‌ വന്നപ്പോള്‍, അദ്ദേഹത്തിന്റെ ഓഫീസ്‌ അടിച്ചു തകര്‍ക്കാനും ഉണ്ടായിരുന്നു ഒരു കൂട്ടം 'രാജ്യസ്നേഹികള്‍'. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍, 'സമൂഹത്തിന്റെ വിദ്വേഷം ഏറ്റു വാങ്ങിയ പ്രതികള്‍ക്ക്‌ വേണ്ടി (സമൂഹത്തില്‍ ഇഞ്ചക്‍ട്‌ ചെയ്‌ത വിദ്വേഷം എന്നും വായിക്കാവുന്നതാണ്‌) വാദിക്കാന്‍ ആരും മടി കാണിക്കും. അവര്‍ക്കു സംരക്ഷണം നല്‍കേണ്ടത്‌ ഗവണ്‍മെന്റാണ്‌'.' വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഒരു കൂട്ടം ഗുണ്ടകളുണ്ടെങ്കില്‍ ആരുടേയും നാവടപ്പിക്കാം എന്നര്‍ത്ഥം.

അഫ്‌സലിനെതിരെ പറഞ്ഞ വലിയൊരു തെളിവായിരുന്നു, കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും കണ്ടെടുത്ത അഫ്‌സലിന്റെ മൊബൈല്‍ നമ്പര്‍. സംഭവ സ്ഥലത്ത്‌ ആദ്യമെത്തിയ പോലീസിലെ അംഗമായിരുന്ന അശ്വിനി കുമാറിന്റെ ഓര്‍മയില്‍ അങ്ങനെയൊരു നമ്പര്‍ സെഷറില്‍ എഴുതിയതായി ഇല്ലെന്നാണ്‌. കൊല്ലപ്പെട്ട അക്രമികളില്‍ നിന്നും കണ്ടെടുത്ത, ഫോണ്‍ നമ്പറുകള്‍ എഴുതിയ സ്ലിപ്പും, ഐ-കാര്‍ഡും സംഭവസ്ഥലത്ത്‌ വെച്ച്‌ സീല്‍ ചെയ്‌തില്ല്ല എന്നതും ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. ഇവിടെ രസകരമായ മറ്റൊരു സംഭവമുണ്ട്‌. പോലീസ്‌, കാള്‍ റെകോര്‍ഡ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ എയര്‍ടെല്‍ 17/12/2001-നു എഴുതിയ മറുപടിയില്‍, പോട്ടോയുടെ റഫറന്‍സ്‌ വെച്ചിരുന്നു. പക്ഷെ, ഈ കേസില്‍ പോട്ടോ ചാര്‍ജ്ജ്‌ ചെയ്‌തത്‌ 19/12/2006-നു മാത്രമാണ്‌. കേസില്‍ പോട്ടോ ചാര്‍ജ്ജ്‌ ചെയ്യുന്നതിനു മുന്നേ തന്നെ എയര്‍ടെല്ലിനു പോട്ടോയുടെ റഫറന്‍സ്‌ കിട്ടിയോ? ഇതെല്ലാം ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നതിനു വഴി വെക്കുകയാണ്‌.

പ്രതിയെ തൂക്കിലേറ്റിയാല്‍, കാശ്‌മീരികള്‍ അടങ്ങിയിരിക്കില്ല, പാകിസ്ഥാന്‍ വിടില്ല, ഭീകരവാദ സംഘങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നിത്യാതി 'തീപ്പൊരി'വാദങ്ങളൊക്കെ സംഭവത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനും, അഫ്‌സല്‍ കുറ്റവാളി തന്നെ എന്ന ചിന്ത ജനമനസ്സുകളില്‍ ഉറപ്പിക്കാനുമുള്ള തന്ത്രങ്ങളായി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. പക്ഷെ, ഇന്ത്യയില്‍ കാഷ്‌മീരടക്കം വിവിധ സ്ഥലങ്ങളില്‍ അഫ്‌സലിന്റെ വധശിക്ഷക്കെതിരെ ആരെങ്കിലും ശബ്‌ദമുയര്‍ത്തുന്നുണ്ടെങ്കില്‍, അഫ്‌സല്‍ ഒരു മുസ്ലിമായതു കൊണ്ടോ, വധശിക്ഷ കിരാതശിക്ഷയായതു കൊണ്ടോ അല്ല എന്ന് മനസ്സിലാക്കുക. ഒരു നിരപരാധി പോലും ഇന്ത്യയില്‍ ശിക്ഷിക്കപ്പെടരുത്‌ എന്ന ആഗ്രഹം ചില രാജ്യസ്‌നേഹികളിലെങ്കിലും അവശേഷിക്കുന്നത്‌ കൊണ്ടാണ്‌.

ഇന്ത്യയില്‍ ഭീകരവിരുദ്ധ നിയമങ്ങളും, പോലീസടക്കം ഇന്ത്യന്‍ സേനക്ക്‌ നല്‍കുന്ന അമിതാധികാരങ്ങളും നിരപരാധികള്‍ക്ക്‌ നേരെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത്‌, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആരോപണമാണ്‌. രാഷ്‌ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി നടത്തുന്ന അഴിമതികള്‍ക്കും, അക്രമങ്ങള്‍ക്കും എതിരെ 'ജനമനസ്സാക്ഷിയുടെ' വിദ്വേഷമുന തറക്കാതിരിക്കാന്‍, ഇത്തരം ഭീകരരുടേയും ഭീകരാക്രമണങ്ങളുടേയും പരിചകള്‍ നിര്‍മിക്കാനും, സംവിധാനിക്കാനും പ്രയാസമേതുമില്ലാത്തതാണ്‌. അതിനു വേണ്ട അസംസ്‌കൃത വസ്‌തുക്കളായി ഇനിയും ഒരു പാട്‌ 'ഭീകരര്‍' അവരുടെ തോക്കിന്‍ മുനമ്പിലുണ്ട്‌ എന്നതും മറക്കാതിരിക്കുക. ഇന്ത്യന്‍ വംശജരായ ഭീകരര്‍.

ഇത്തരം നീതിനിഷേധത്തിന്റെ ഒരു ബിംബം മാത്രമാണ്‌ മുഹമ്മദ്‌ അഫ്‌സല്‍. അഫ്‌സലിന്റെ വധശിക്ഷക്കെതിരെ മുറവിളി കൂട്ടുന്നവരുടേയും, മണിപ്പൂരിലെ ഇന്ത്യന്‍ ആര്‍മിക്ക്‌ നല്‍കിയ അമിതാധികാരത്തിന്റെ ദുരുപയോഗത്തിനെതിരെ കഴിഞ്ഞ ആറ്‌ വര്‍ഷമായി നിരാഹാരസമരം നടത്തുന്ന ഷര്‍മിള ചാനുവീന്റെയും സമരങ്ങളുടെ നീതിശാസ്‌ത്രം ഒന്ന് തന്നെയാണ്‌.

എല്ലാം അവസാനിച്ചു. ഒരു നാടകത്തിനു തിരശ്ശീല വീണു. വില്ലനെ വധിക്കുന്നതോടു കൂടി നാടകം പൂര്‍ത്തിയാകുന്നു. സദസ്സു മുഴുവന്‍ ഹര്‍ഷാരവം മുഴക്കി. പക്ഷെ, കഥയില്‍ വീണ്ടും ചോദ്യമുയരുന്നു. പാര്‍ലമന്റ്‌ അക്രമണകേസിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ കരങ്ങള്‍ ഏത്‌? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകമന്ദിരത്തിനു നേരെ നടന്ന ഒരക്രമണത്തെ കുറിച്ച്‌, ഒരു പാര്‍ലമെന്ററി അന്വേഷണം എന്ത്‌ കൊണ്ട്‌ നടക്കാതെ പോയി? എന്ത്‌ കൊണ്ട്‌ പ്രതികള്‍ക്ക്‌ നേരെ, അന്വേഷണസംഘത്തില്‍ നിന്നും ശക്തമായ ഭീഷണിയും പീഢനവും നിലനിന്നിരുന്നു എന്ന ആവര്‍ത്തിച്ചുള്ള ആരോപണങ്ങളെക്കുറിച്ച്‌ ഒരു ജുഡീഷ്യല്‍ അന്വേഷണം നടന്നില്ല? രാമായണം മുഴുവന്‍ വായിച്ചിട്ട്‌, സീത രാമനാര്‌ എന്ന് ചോദിച്ച പോലെയായി അല്ലേ.?

രാഷ്‌ട്രബോധം നന്ന്. ആ രാഷ്‌ട്രബോധത്തിലൂടെ, രാഷ്‌ട്രത്തിന്റെ സമാധാനത്തിനും, അഖണ്‍ഠതക്കും എതിരെ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ത ശക്തികളെ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ട്‌. അതിനെ, ജാതി, മത, പാര്‍ട്ടി ഭേദമന്യേ എതിര്‍ക്കാന്‍ സാധിക്കേണ്ടതുണ്ട്‌. രാജ്യസ്‌നേഹത്തിന്റെ വികാരങ്ങള്‍ മാറ്റി വെച്ച്‌, വിചാരങ്ങള്‍ക്ക്‌ സ്ഥാനം നല്‍കാന്‍ സാധിക്കേണ്ടതുണ്ട്‌. പക്ഷെ, 'രാജ്യസ്‌നേഹ'ത്താല്‍ അന്ധരായവര്‍, സ്വരാജ്യത്തിനു തന്നെ ഭാരമായി മാറുന്ന ഒരവസ്ഥ സംജാതമാകുന്നുവോയെന്ന് ഭയക്കേണ്ടിയിരിക്കുന്നു.

ഇതെഴുതിയത്‌ ഒരേ ഒരു പ്രതീക്ഷ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ്‌. ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള പുതിയ അറിവു ലഭിക്കുമോ എന്ന പ്രതീക്ഷ.

കൂടുതല്‍ വായനയ്‌ക്ക്‌:
 1. http://www.revolutionarydemocracy.org
 2. അരുന്ധതീ റോയിയുടെ ലേഖനം
അഫ്‌സലിനെ കുറിച്ച്‌ ഇനിയും ചിലത്‌SocialTwist Tell-a-Friend

23 comments:

 1. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നാണ്, നമ്മുടെ നീതിന്യായ സമ്പ്രദായത്തിന്റെ അടിസ്ഥാനം എന്ന് എവിടെയും പറഞ്ഞു കേള്‍ക്കാറുണ്ട്. പക്ഷെ ഇവിടെ അഫ്സലിന്റെ കേസില്‍ നമ്മുടെ കോടതി ഇതൊക്കെ കാറ്റില്‍ പറത്തിയിരിക്കുകയാണ്. ഏതൊരു കുറ്റാരോപിതനും നീതിപൂര്‍വ്വമായ ഒരു വിചാരണ, കൊടുക്കുക എന്നത് ഒരു ജനാധിപത്യത്തില്‍ അത്യാവശ്യമാണ്. അഫ്സലിന് അതു ലഭിച്ചില്ല എന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ പരിഹാസ്യമാക്കുന്നു. അതുകൊണ്ടു തന്നെ ഈ വിധിക്കെതിരെ ജനാധിപത്യവിശ്വാസികള്‍ ഒന്നിക്കേണ്ടതുണ്ട്. പക്ഷെ ആ കൂട്ടായ്മയില്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെ പോലെ, ഇന്ത്യന്‍ ജനാധിപത്യത്തിലോ, മനുഷ്യാവകാശങളിലൊ, മതേതരത്വത്തിലോ തീരെ വിശ്വാസമില്ലാത്ത ചിലരെ കാണുമ്പൊള്‍ അതു വിളിച്ചുപറയാനും മടിക്കരുത്.

  ReplyDelete
 2. This comment has been removed by a blog administrator.

  ReplyDelete
 3. നീതിപൂര്‍വ്വമായ ഒരു വിചാരണ ഉണ്ടായില്ല എന്ന ആരോപണം ശരിവച്ചാല്‍ തന്നെ എന്ത് പ്രതിവിധിയാണ് അതിന് നിര്‍ദ്ദേശിക്കാനുള്ളത്? അഫ്സലിന്റെ കേസ് വീണ്ടും വിചാരണ ചെയ്യുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്താല്‍ എല്ലാം ശരിയാകുമോ?

  ഇവിടെ നിയമവും നിയമവാഴ്ചയും എല്ലാം പരിതാപകരമായ അവസ്ഥയിലാണ്. അഫ്സലിന്റെ ഉദാഹരണം മുന്‍‌നിര്‍ത്തി എല്ലാത്തിനേയും കയറി വിമര്‍ശിച്ചുകളയാം, നന്നാക്കിക്കളയാം എന്നൊക്കെ തോന്നുന്നുണ്ടെകില്‍ അതിനെ ബാലിശം എന്നൊരു വാക്കില്‍ വിശേഷിപ്പിക്കും ഞാന്‍.

  ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് സിദ്ധാന്തം പ്രസംഗിക്കാനേ ഉപകാരപ്പെടൂ. എന്റെ അഭിപ്രായത്തില്‍ , ആയിരം അപരാധികള്‍ ഉണ്ടാകുന്നത് തടയാന്‍ ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നത് കാരണമാവുമെങ്കില്‍, അത് ചെയ്യാന്‍ ഒട്ടും മടിക്കരുത് എന്നാണ്. നമ്മള്‍ ഇവിടെ കോടതി, നിയമം എന്നൊക്കെ പറഞ്ഞ്, ചെയ്ത് കഴിഞ്ഞ കുറ്റങ്ങളെ, പേരിനൊരു ശിക്ഷ കൊടുത്ത് കടമ തീര്‍ക്കുന്നു. കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നത് തടയുന്ന തരത്തിലാണ് ഇവിടെ നിയമം വേണ്ടത്. അപരാധം ചെയ്യാനുള്ള പ്രവണതയെ കൊല്ലാന്‍ നിയമം കൊണ്ട് കഴിയില്ലായിരിക്കാം, പക്ഷെ അധികാരം കൊണ്ട് കഴിയില്ലേ? പകുതിമുക്കാലും രാജ്യസഭാംഗങ്ങള്‍ പോലീസ് കേസില്‍ പ്രതികളായ ഒരു രാജ്യത്ത് അത് പറ്റില്ല, പക്ഷെ ഉട്ടോപ്പ്യയില്‍ അത് പറ്റും. നമുക്കൊക്കെ അവിടയേ രക്ഷയുള്ളൂ.

  ReplyDelete
 4. വിമതന്റെയും ശ്രീയുടെയും വാദങളെ ഞാന്‍ നിരാകരിക്കുന്നില്ല. അതിനാലാണ്‌, മനുഷ്യാവകാശ പ്രവര്ത്തകര്‍ ഈ കേസില്‍ ഒരു പാര്ലമെന്ററി അന്വേഷണത്തിനു വേണ്ടി വാദിക്കുന്നത്. അത് പോലെ, ഇന്ത്യന്‍ സേനകള്‍ ഇന്ത്യന്‍ ജനതയ്‌ക്ക് വേണ്ടി പോരാടുന്നതിനെ പ്രകീര്ത്തിക്കുന്നതോടൊപ്പമ്, ഇന്ത്യന്‍ സേനകള്‍ക്ക് നല്കിയ അധികാരങളുടെ ദുരുപയോഗത്തെ കുറിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം കൂടി ആവശ്യമായിരിക്കുകയാണ്‌. പക്ഷെ, അത് ഇന്ത്യന്‍ സേനയുടെ വീര്യം ചോര്ത്തുമോ എന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്.

  ReplyDelete
 5. drizzle,
  your experimental study is appreciated

  regards
  anees kodiyathur

  ReplyDelete
 6. അതേയ്, ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന പക്ഷക്കാരനാ ഞാന്‍. അല്ലാതെ മണ്ടത്തരങ്ങളുടെ ആശാന്‍ പറഞ്ഞ പോലെ “എന്റെ അഭിപ്രായത്തില്‍ , ആയിരം അപരാധികള്‍ ഉണ്ടാകുന്നത് തടയാന്‍ ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നത് കാരണമാവുമെങ്കില്‍, അത് ചെയ്യാന്‍ ഒട്ടും മടിക്കരുത് എന്നാണ്” എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല.

  കാരണം, ആ നിരപരാധിയും അയാളുടെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടങ്കില്‍ അവരും‍, ചിലപ്പോ നിരപരാധികളുടെ കൂട്ടത്തില്‍ നിന്നും അപരാധികളുടെ കൂട്ടത്തില്‍ ചേര്‍ന്നേക്കും - ഒരു കുറ്റവും ചെയ്യാതെ ശിക്ഷിച്ചതിന് പകരം വീട്ടാന്‍.

  കൂടാതെ, അപരാധികള്‍ “ങാ... ഞങ്ങളെ പിടിക്കാനോ ശിക്ഷിക്കാനോ പറ്റീ‍ല്ലേ” ന്ന് കളിയാക്കി പറഞ്ഞ് കൂടുതല്‍ അപരാധങ്ങള്‍ക്കായി പരിശ്രമിക്കുകേം ചെയ്യും. അപ്പോ... തീര്‍ച്ചയായും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് !

  ReplyDelete
 7. ങ് ഹാ... അതു ശരിയാണല്ലോ അനോണീ... ഇനി ശ്രീജീന്റെ മറുപടി കൂടെ കേക്കണം

  ReplyDelete
 8. for further reading.

  www.jihkerala.org/htm/malayalam/media/Pra_21.10.06/C.Dawood%2021.10.06.pdf

  ReplyDelete
 9. വിമതന്റെ ബ്ലോഗില്‍ അഫ്സലിനെക്കുറിച്ച ഒരു കുറിപ്പ്‌ കണ്ടിരുന്നു. ഇപ്പോഴത്‌ കാണ്മാനില്ല. ഡിലീറ്റ്‌ ചെയ്തോ എന്തോ ആവോ? എന്തായാലും അത്‌ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. അതേ സമയം ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്ന പോലെ അഫ്സലിന്റെ വിഷയത്തില്‍ പ്രതികരിച്ചവരുടെയൊക്കെ ജാതിയും മതവും അന്വേഷിച്ച്‌ കണ്ടു പിടിച്ച്‌ ദാ ഇവനിത്‌ പറയാനെന്തവകാശം എന്ന് വിളിച്ചു കൂവുന്നത്‌ ആരെ രക്ഷപ്പെടുത്താനാണെന്ന് വ്യക്തമാണ്‌. ശ്രീയൊക്കെ അവിടെപ്പറഞ്ഞത്‌ അഫ്‌സലിനെയൊക്കെ കത്തിച്ചു കളഞ്ഞേക്കണം എന്നാണ്‌! ശ്രീയ്ക്കത്‌ പറയാം, കാരണം ശ്രീയുടെ അച്ഛനോ ഏട്ടനോ പെങ്ങളൊ ഭാര്യയോ ഒന്നുമല്ല അഫ്‌സല്‍. അയാല്‍ വെറുമൊരു മനുഷ്യനാണ്‌. പിന്നെ മുസ്‌ലിമും കൂടിയാണ്‌, കാശ്‌മീരിയാണ്‌. പിന്നെ ഭീകരനാവാന്‍ വേറെ വല്ല കാരണോം വേണോ?

  ഒരു സഹജീവിയുടെ, പച്ചക്കരളുള്ള ഒരു മനുഷ്യന്റെ മൗലികാവകാശ പ്രശ്നം എന്ന നിലയില്‍ അഫ്സല്‍ പ്രശ്നം ഉന്നയിച്ചവരെ -മനുഷ്യാവകാശ പ്രവര്‍ത്തകരെ- കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്‌ വേറെ ചിലര്‍! നമ്മുടെ രാജ്യരക്ഷയുടെ പ്രശ്നമാണ്‌ പോലും! യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യം രക്ഷപ്പെടണമെങ്കില്‍ ആ പാര്‍ലമെന്റിലിരിക്കുന്നവരെ മുഴുവനായും അങ്ങ്‌ കൊന്നു കളഞ്ഞാല്‍ മതിയാകും! എന്നാല്‍ ഒരു നിരപരാധിയുടെ പോലും ചോര ചിന്തി എന്ന മനഃസ്താപം ഭീകരര്‍ക്ക്‌ വേണ്ടി വരില്ല.

  സംഘ്‌ ഗവണ്‍മന്റ്‌ കഥയും തിര്‍ക്കഥയുമെഴുതി സംവിധാനം നിര്‍വഹിച്ച ഒരു കലാപരിപാടി കശ്മീരി ഭീകരരുടെ തലയില്‍ വെച്ച്‌ കെട്ടി നമുക്ക്‌ ഒഴിഞ്ഞു മാറാന്‍ പറ്റുമോ എന്നാണ്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്‌. സംഘ്‌ പരിവാരത്തിന്റെ ഭീകരമായ 'രാജ്യസ്നേഹം' വേണോ ജനാധിപത്യ പ്രവര്‍ത്തകരുടെ മനുഷ്യസ്നേഹം വേണൊ നമുക്ക്‌? അഫ്സല്‍ എന്ന ഇരയുടെ പക്ഷത്തോ സംഘ്‌ ഭീകരരുടെ പക്ഷത്തോ നിങ്ങള്‍ എന്ന്.

  ReplyDelete
 10. ഹാവൂ... തിളച്ചു തിളച്ചൂ..... ലോകത്ത് തിളയ്ക്കാന്‍ ഊഷ്മാവ് ഏറ്റവും കുറവ് വേണ്ട സാധനം ‘അനോണി രക്തം’ തന്നെ. കാലം കുറച്ച് കഴിഞ്ഞാലും അയ്യോ മിനിയാന്നത്തെ ന്യൂസ് കണ്ട് തിളയ്ക്കാന്‍ മറന്നു എന്ന് റിമൈന്ററിട്ട് തിളച്ചിരിയ്ക്കും.:-)

  ഓടോ: അഫ്സല്‍ ഗുരുവിനെ പറ്റി ഇദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍ തികച്ചും പ്രസക്തം തന്നെ. ചര്‍ച്ചക്കിടയില്‍ ചില പ്രധാന വിഷയങ്ങള്‍ വിട്ട് പോയതായി എനിയ്ക്കും തോന്നി.

  ReplyDelete
 11. അപ്പൊ അങ്ങനെയാണു കാര്യം, ഒരു നിരപരാധിയെ ശിക്ഷിച്ചാല്‍ കുഴപ്പമൊന്നുമില്ല എന്നാണു്. ഏതെങ്കിലും നിരപരാധി ഇതൊന്നേറ്റെടുക്കാന്‍ തയ്യാറാണോ? ശ്രീജിത്തേ? ഒരു കൈ നോക്കുന്നോ?

  ReplyDelete
 12. ഇക്കണക്കിനു ഹിറ്റ് ലര്‍, മുസോളിനി, ഈദി അമീന്‍ ഇവര്‍ക്കൊക്കെ അമ്മയും പെങ്ങന്മാരും ഇല്ലേ എന്നു ചോദിക്കേണ്ടി വരുമല്ലോ.

  പിന്നെ താങ്കള്‍ പറഞ്ഞു ”കാരണം ശ്രീയുടെ അച്ഛനോ ഏട്ടനോ പെങ്ങളൊ ഭാര്യയോ ഒന്നുമല്ല അഫ്‌സല്‍. അയാല്‍ വെറുമൊരു മനുഷ്യനാണ്‌. പിന്നെ മുസ്‌ലിമും കൂടിയാണ്‌, കാശ്‌മീരിയാണ്‌.“

  ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ തൂക്കികൊല്ലാന്‍ വിധിച്ചത് എന്ന ആരെങ്കിലും ഇവിടെ പറഞ്ഞോ. താങ്കളും എഴുതാപുറം വായിക്കുകയാണ്.

  എന്തയാലും പാര്‍ലമെന്റ് മൊത്തം ചുട്ടു ചാമ്പലാക്കണം എന്നു പറയാന്‍ പ്രേരിപ്പിച്ച താങ്കളുടെ ജാതി/ മത സ്നേഹം ഭയങ്കരം തന്നെ സമ്മതിച്ചിരിക്കുന്നു. താങ്കള്‍ അനോനിയായി തന്നെ പോസ്റ്റിയാല്‍ മതി. ഒരു കാര്യം ഓര്‍മ്മിച്ചാല്‍ നന്ന് ഒരു ഇന്‍ഡ്യാക്കാര്‍നായത് കൊണ്ടാണ് നിങ്ങള്‍ക്ക് ഇത്ര അഭിപ്രായ സ്വാതന്ത്രത്തോടെ സംസാരിക്കാന്‍ കഴിയുന്നത്.

  ReplyDelete
 13. നളന്‍, ഞാന്‍ പറഞ്ഞത് “ആയിരം അപരാധികള്‍ ഉണ്ടാകുന്നത് തടയാന്‍ ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നത് കാരണമാവുമെങ്കില്‍, അത് ചെയ്യാന്‍ ഒട്ടും മടിക്കരുത് എന്നാണ്” എന്നതാണ്. ചുമ്മാ ബ്ലോഗ് എഴുതിക്കൊണ്ട് നടക്കുന്ന എന്നെപ്പിടിച്ച് പാര്‍ലമെന്റ് ആക്രമണം, കടലാക്രമണം എന്നൊക്കെ പറഞ്ഞ് തൂക്കിക്കൊന്നാല്‍ ഒരു അലവലാതിയേയും അപരാധിയാകുന്നത് തടയാനാകില്ല. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിചേര്‍ത്ത് തുക്കിക്കൊല്ലാന്‍ വിധിച്ചത് സമൂഹത്തില്‍ പേരും വിലയും സ്ഥാനവും ഉള്ള ഒരാളെയൊന്നുമല്ല. ഭീകരപ്രവര്‍ത്തനത്തില്‍ ബിരുദം എടുത്ത ഒരാളെത്തന്നെ. അഫ്സല്‍ ഒരുപക്ഷെ നിരപരാധിയായിരിക്കാം. ഒരിക്കല്‍ ഭീകരപ്രവര്‍ത്തനം നടത്തിയിരുന്നല്ലോ എന്തായാലും. അന്ന് കൈയ്യില്‍ കിട്ടിയില്ല്ല, കിട്ടുമ്പോ തൂക്കിക്കൊന്നു എന്ന് കരുതിയാല്‍ മതിയാകും ;)

  ഡ്രിസിലിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല. യഥാര്‍ത്ഥ പ്രതികള്‍ ഒരുപക്ഷെ അഫ്സലിനെ ബലിയാടാക്കി രക്ഷപ്പെട്ടിട്ടുണ്ടാകാം. അവരെ ഈ ഗവേര്‍മെന്റോ നീതിവ്യവസ്ഥയോ തലകുത്തി നിന്നാല്‍ പിടിക്കാന്‍ പറ്റില്ല. അവരുടെ കയ്യില്‍ കാശുണ്ട്, പിടിപാടുണ്ട്. അതൊന്നും ഇല്ലാതെ ഒരു തോക്കും പിടിച്ച് ഭീകരതൊഴിലാളി എന്നും പറഞ്ഞ് നടന്നാല്‍ ഇങ്ങനെയിരിക്കും. മടങ്ങിപ്പോ മക്കളേ, ഇന്ത്യയെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ട്, പലരും പലവട്ടം. ഇനി നിന്നു തരാന്‍ ഇന്ത്യയ്ക്ക് മനസ്സില്ല.

  ഒരു നിരപരാ‍ധിയും ശിക്ഷിക്കപ്പെടരുത് എന്ന് പറയാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. പക്ഷെ ഈ ഒരു വാചകം അപരാധികളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി മാത്രം പ്രയോഗിക്കുന്നതുകാണുമ്പോള്‍ ഇതിനോടുള്ള ബഹുമാനം പോകുന്നു. അഫ്സലിനെ തൂക്കിക്കൊന്നാല്‍ കാശ്മീരില്‍ ജനങ്ങള്‍ അക്രമാസക്തരാകും എന്ന് പറയുന്നത്പോലെയാണ് ഒരു നിരപരാധിയെ ശിക്ഷിച്ചാല്‍ അയാളുടെ കൂടെയുള്ളവര്‍ പകരം വീട്ടാന്‍ അപരാധികളാകും എന്ന്‍ പറയുന്നത്.അപരാധികളായാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാന്മാരാക്കിയാല്‍ പകരം വീട്ടുന്നത് പോയിട്ട് അതിനെക്കുറിച്ച് ആലോചിക്കാന്‍ കൂടി ഈ കൂട്ടുകാര്‍ക്ക് ധൈര്യമുണ്ടാകില്ല. ഈ ഒരു പേടി നിയമം മൂലം ഉണ്ടാക്കിയെടുക്കണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ കണ്ട നിരപരാധികളെ മൊത്തം തൂക്കിക്കൊന്നിട്ട് എനിക്കെന്ത് ഗുണം?

  ---
  അഫ്സല്‍ ഒരു മുസ്ലീം ആയത് അയാളുടെ കഷ്ടകാ‍ലം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് പഴയ ഒരു ഭീകരന്റെ കഥയാണ്. അദ്ദേഹവും പാര്‍ലമെന്റില്‍ ബോംബ് വയ്ക്കുകയായിരുന്നു. അന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇല്ലാതിരുന്നതുകൊണ്ടോ എന്തോ, അന്ന് അദ്ദേഹത്തിനെ തൂക്കിക്കൊന്നു. പേര് ഭഗത് സിങ്ങ്.

  ReplyDelete
 14. എന്താ ശ്രീജിത്തെ അനക്കെന്താ
  പറ്റിയേ....?ഈ കാണുന്ന
  മനുസന്‍ മാറെ മൊത്തം 
  പേടിപ്പിക്കാന്‍ വേന്ടി ജ്ജ്
  ആരേങ്കിലും തൂങ്കട്ടെ എന്നു
  വിശാരിച്ചാ ....
  പിന്നെ ജ്ജ് പറയണ ഭഗത് സിങ്കിനെ
  തൂക്കിക്കൊന്നത് ആരാ...?
  അത് ഞമ്മട ആള്ക്കരല്ലേയ്...
  അനക്ക് എന്തും ആവാലോ...യ്യ്
  ഒരു കാര്യം ചെയ്യ് ഈ കാണുന്ന
  മനുസന്മാരെ മുയുവന്‍ പേടീപ്പികാന്‍
   ജ്ജ് ആ കുറ്റം ഏറ്റെടൂത്ത് ഒരു മഹാ ത്യാഗം ചെയ്യ്.എല്ലാരും പേടിക്കട്ടെ.
  ഞമ്മടെ ഡ്രിസിലിനെ എയുത്തില്‍ ഒരുപാട് തെളിവുകളുന്ട് ഓന്‍ നിരപരാധി ആണെന്നുള്ളതിന്...അല്ലെങ്കില്‍ അവന്റെ പിന്നില്‍ ഒരുപാട് വന്‍ മുതലകള്‍ 
  ഉന്ടു എന്നതിനു...അവരെ പിടികാന്‍ 
  കഴിയാത്ത നീതിന്യായവ്യവസ്ഥ്ക്ക് ഒരു ബലാലിനെയും തൂക്കിക്കൊല്ലാനുള്ള അവകാശം ഇല്ലെന്നു കൂട്ടിക്കോ

  ReplyDelete
 15. ഇതിനെ പറ്റി എന്റെ അഭിപ്രായം പണ്ട് വേറൊരു പോസ്റ്റില്‍ കമന്റായി ഇട്ടിരുന്നു
  ഇനി അതു മുഴുവന്‍ എഴുതാന്‍ വയ്യ; ഞാനതെഴുതിയതു കൊണ്ടേതായാലും അഫ്സലിനെ വെറുതെ വിടാനോ അതു വായിക്കുന്നവരുടെ അഭിപ്രായം മാറാനോ പോകുന്നില്ല
  ശ്രീജിത്തേ, ഭഗത് സിംഗ് ബോംബെറിഞ്ഞത് പാര്‍ലമെന്റിലല്ല, അസം‌മ്പ്ലിയിലാണ്. വല്യ വിത്യാസമൊന്നുമില്ല, ഇത്തിരി വെയിറ്റ് കുറവാണെങ്കിലേ ഒള്ളൂ.
  അന്നു ഭഗത് സിംഗ് ചെയ്തത് വധശിക്ഷ അര്‍ഹിക്കുന്ന ഒരു തെറ്റായാണ് ബ്രിട്ടീഷ് ഭരണകൂടവും അതിനെ അനുകൂലിക്കുന്നവരും കണ്ടത്. പക്ഷേ, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഭാരതീയരെല്ലാം അതോടെ ഞങ്ങളേയും തൂക്കികൊന്നേക്കുമോ എന്നു ഭയന്നു വീട്ടിലിരുന്നില്ലല്ലോ.. ഉവ്വോ.. കൂടുതല്‍ ആളുകള്‍ അതിലേക്ക് വരികയാണ് ചെയ്തത്
  കാശ്മീരികളുടെ ഒരു വിധിനിര്‍ണയം (ഇന്ത്യയുടെ ഭാഗമായി തുടരണമോ എന്നതിനെ പറ്റി) നടത്തണമെന്ന പാകിസ്ഥാന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതിന്റെ കാരണമെന്താണെന്ന് നമുക്കറിയാം. ഞാനീപറഞ്ഞതിന്റെ അര്‍ത്ഥം കാശ്മീര്‍, ഇന്നാ പിടിച്ചോയെന്നു പറഞ്ഞു പാകിസ്ഥാനു കൊടുക്കണമെന്നല്ല. ആദ്യം കാശ്മീരികളില്‍ അവര്‍ ഇന്ത്യക്കാരാണെന്ന ബോധമുണ്ടാക്കണം. ഇപ്പോള്‍ സ്വന്തം ഗവണ്‍‌മെന്റെല്ലാമായി ഒരു വിധം നടന്നു വരുന്നുണ്ട്. അപ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍, മുമ്പ് ഭീകരവാദികളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാരണത്താല്‍ തെളിയിക്കപെടാത്ത കുറ്റത്തിനു ഒരാളെ വധശിക്ഷയ്ക്കു വിധിക്കുന്നത് താഴ്വരയില്‍ വീണ്ടും അശാന്തിയുടേയും സംഘര്‍ഷത്തിന്റേയും വിത്തുകള്‍ വിതക്കലാണ്

  ReplyDelete
 16. സിജൂ, ഭഗത് സിങ്ങിന്റെ കാര്യം ഞാന്‍ ഒരു തമാശയായി ഇവിടെ ഇട്ടതാണ്. സ്വാതന്ത്യ സമരവും ഭീകരപ്രവരത്തനവും താരതമ്യം ചെയല്ലേ ദയവാ‍യി.

  ഇന്നിപ്പോള്‍ അഫ്സലിന്റെ ശിക്ഷ കാരണം ആളുകള്‍ അക്രമസക്തരാകുമെങ്കില്‍ അതൊന്ന് നോക്കണമല്ലോ. അല്ലെങ്കില്‍ അവരിപ്പോള്‍ അടങ്ങിയിരിക്കുന്നത് പോലെ. സദ്ദാമിനെ തുക്കിക്കൊല്ലാന്‍ വിധിക്കുമ്പോള്‍ ഇറാക്കില്‍ പ്രശ്നം വഷളായാലോ എന്ന് അമേരിക്കന്‍ നീതിപീഠമോ ഭരണകൂടമോ ചിന്തിച്ചില്ലല്ലോ. അതാണ് നട്ടെല്ല്.

  എനിക്ക് അഫ്സല്‍ എന്ന് വ്യക്തി തൂക്കിലേറണമെന്ന ആഗ്രഹം ആണെന്ന് തെറ്റിദ്ധക്കരുത്. കുറ്റവാളി തൂക്കിലേറണമെന്ന് മാത്രം. അഫ്സല്‍ നിരപരാധി ആ‍ണെങ്കില്‍ അപരാധിയെ ആര് കണ്ട് പിടിക്കും? ഈ പട്ടാളവും കോടതിയും തന്നെയല്ലേ വീണ്ടും അന്വേഷിക്കാനും വിധി പറയാനും ഉണ്ടാകുക? യഥാര്‍ത്ഥ കുറ്റവാളിയെ കണ്ട് പിടിക്കാനുള്ള ആഗ്രഹം ഉള്ളവര്‍ നമ്മുടെ ജനസഖ്യയുടെ നൂറില്‍ ഒരു ശതമാനം ഉണ്ടോ? അവരില്‍ തന്നെ എത്ര പേര്‍ക്ക് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാന്‍ പറ്റും എന്ന വിശ്വാസം ഉണ്ട്?

  അഫ്സലിന്റെ വെറുതേ വിട്ടാല്‍, തൂക്കിലേറ്റിയാലുണ്ടാകുന്ന ഭവിഷ്യത്തുക്കളേക്കാല്‍ മോശമായിരിക്കും കാര്യങ്ങള്‍. ഇന്ത്യ എന്ന് കേട്ടാല്‍ പിന്നെ മറ്റൊരു രാജ്യത്തിനും വില ഉണ്ടാകില്ല. കാശ്മീര്‍ പാക്കിസ്താനും, അരുണാചല്‍ പ്രദേശ് ചൈനയും കൊണ്ട് പോകും ആരും നമ്മളോട് സഹതപിക്കാന്‍ പോലും ഉണ്ടാകില്ല. ഇത്രയും വലിയ രാജ്യമായിട്ടുപോലും നമ്മുടെ പട്ടാളത്തിന് ഇന്നും ഇന്ത്യയ്ക്ക് പുറത്ത് ഒരു ഓപ്പറേഷന്‍ കൂടി നടത്താനുള്ള കെല്‍പ്പില്ല. ഇനി രാജ്യത്തിനകത്തും ഒന്നും ചെയ്യാന്‍ കഴിവില്ല എന്ന് വന്നാല്‍ ഭേഷായി.

  ഒരു കാര്യം സത്യം തന്നെ. കാശ്മീര്‍ ജനതയ്ക്ക് ഭാരതത്തിനോട് ചേരാനല്ല ആഗ്രഹം. അതിപ്പൊ ജനതയുടെ ആഗ്രഹം നോക്കി രാജ്യം വിഭജിച്ച് കൊടുക്കാന്‍ പറ്റുമോ. അങ്ങിനെ ഒരു സ്ഥിതി വിശേഷം വന്നാല്‍ കേരളവും ഒരു രാജ്യമാക്കണമെന്ന് പറഞ്ഞ് ഭീകരവാദം തുടങ്ങില്ലെന്ന് എന്താണുറപ്പ്?

  ReplyDelete
 17. തക്കാലം ഒന്നിനേകുറിച്ച് മാത്രം പറയാം:ജുഡീഷ്യല്‍ അന്വേഷണം :

  പഴയ ഒരു സിനിമാ ഡയലോഗ് കടമെറ്റുക്കുന്നു:

  “ പണിയില്ലാതെയിരിക്കുന്ന ജഡ്ജിമാര്‍ക്ക് നാല് ചക്രമുണ്ടാക്കാനല്ലാതെ മറ്റെന്ത് പ്രയോജനമാണ് ഉണ്ടായിട്ടുള്ളത്?”

  മറ്റൊന്ന് കൂടി : ഏതൊരു ഇന്ത്യാക്കാരന്‍റെയും അഭിമാനമായ ഭഗത് സിങ്ങിനെ അഫ്സലിനൊട് താതാത്മ്യം ചെയ്തത് ഇത്തിരി കടന്ന് പോയില്ലേ ശ്രീജീ , അതൊരു തമാശക്ക വേണ്ടിയാണെങ്കിലും

  ReplyDelete
 18. തറവാടീ, ശ്രീജിത്ത് താരതമ്യപ്പെടുത്തിയെന്നു പറയാന്‍ പറ്റില്ല; ഞാനതിനെ വളച്ചൊടിച്ചതാ..
  ശ്രീജിത്തേ, എന്നെ (നമ്മളെ) സംബന്ധിച്ചിടത്തോളം ഇത് ഭീകരവാദം അല്ലെങ്കില്‍ തീവ്രവാദം ആണ്. പക്ഷേ, അവര്‍ക്ക് അതു അവരുടെ ജന്മഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. അല്ലാതെ ഞാനൊരു ഭീകരനാണ്, എല്ലാവരേയും കൊന്നൊടുക്കണം എന്ന വിചാരത്തോടെയല്ല ആരും വരുന്നത്. അവരതിനെ കാണുന്നത് അവരുടെ ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗമായാണ്. ഇതൊന്നും അഫ്സലിനെയോ പാര്‍ലമെന്റ് ആക്രമിച്ചവരെയോ ന്യായീകരിക്കാനല്ല. അത്തരം ചെയ്തികള്‍ തെറ്റ് തന്നെയാണ്. അതു ശിക്ഷിക്കപ്പെടുക തന്നെ വേണം.
  പക്ഷേ, ഇവിടെ ക്ര്‌ത്യമായ തെളിവുകളില്ല എന്ന ശക്തമായ ആരോപണം നിലനില്‍ക്കുന്നു. അത് തെറ്റായ സന്ദേശമേ നല്‍കൂ
  അമേരിക്ക എടുത്ത നടപടികള്‍ ശക്തമായതായിരിക്കാം. അതു കൊണ്ടെന്തുണ്ടായി, എല്ലാവരും പേടിച്ച് പിന്തിരിഞ്ഞോ.. ഇന്ന് ലോകത്തിലേറ്റവും പേടിച്ചരണ്ട ജനത അമേരിക്കയിലുള്ളതാണ്. എന്നും എവിടെ നിന്നും ആക്രമണം പ്രതീക്ഷിച്ചു കഴിയുന്നു. അതുപോലെ തന്നെ അവരെടുത്ത നടപടികള്‍ എത്രപേര്‍ അതിനെ അനുകൂലിക്കുന്നു.

  ReplyDelete
 19. ഒരു ഓ.ടോ.
  തോക്ക് പിടിച്ചു നിക്കുന്ന എന്റെ പടം കണ്ട് എല്ലാവരുമെന്നെ തീവ്രവാദിയാക്കുമോ :-)

  ReplyDelete
 20. "ഇന്നിപ്പോള്‍ അഫ്സലിന്റെ ശിക്ഷ കാരണം ആളുകള്‍ അക്രമസക്തരാകുമെങ്കില്‍ അതൊന്ന് നോക്കണമല്ലോ. അല്ലെങ്കില്‍ അവരിപ്പോള്‍ അടങ്ങിയിരിക്കുന്നത് പോലെ. സദ്ദാമിനെ തുക്കിക്കൊല്ലാന്‍ വിധിക്കുമ്പോള്‍ ഇറാക്കില്‍ പ്രശ്നം വഷളായാലോ എന്ന് അമേരിക്കന്‍ നീതിപീഠമോ ഭരണകൂടമോ ചിന്തിച്ചില്ലല്ലോ. അതാണ് നട്ടെല്ല്."

  അപ്പറഞ്ഞത് കാര്യം. അതു മാത്രം പോരാ ഉമ്മാക്കി കണ്ടു പേടിച്ച് നിരപരാധിയെ ശിക്ഷിക്കുന്നതും നട്ടെല്ലില്ലാത്തത് കൊണ്ടാ.

  “അഫ്സല്‍ നിരപരാധി ആ‍ണെങ്കില്‍ അപരാധിയെ ആര് കണ്ട് പിടിക്കും“

  കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ എന്നാണോ ?

  "അതിപ്പൊ ജനതയുടെ ആഗ്രഹം നോക്കി രാജ്യം വിഭജിച്ച് കൊടുക്കാന്‍ പറ്റുമോ

  അപ്പൊ ഈ ഇലക്ഷനൊക്കെ നിര്‍ത്തി രാജവാഴ്ച കൊണ്ടുവരണം എന്ന് !

  ReplyDelete
 21. എന്തിനാ ഷിജൂ ആപാവം ഹിറ്റ്ലറിനെയും മുസോളിനിയേയുമൊക്കെ വെറുതെ കുറ്റം പറയുന്നേ. അവര്‍ നമ്മുടെ ആളുകളല്ലേ. അക്രമാസക്ത ദേശീയതയെ പ്രത്യയശാസ്ത്രമായി വികസിപ്പിച്ചവര്‍. നമ്മുടെ ശ്രീയൊക്കെ സ്വപ്നം കാണുന്ന ഇന്ത്യന്‍ സേനയെപ്പോലെ -ഇന്ത്യക്കു പുറത്ത് ഓപ്പറേഷന്‍ നടത്താന്‍ കെല്പും കഴിവുമുള്ള (അഥവാ ഒരമേരിക്കന്‍ ഇന്ത്യ!)- ഒരു ഭരണകൂട ഉപകരണം ജര്‍മന്‍ ദേശീയതയുടെ പേരില്‍- ദേശസ്നേഹത്തിന്റെ പേരില്‍- വളര്‍ത്തിയെടുത്തു എന്നല്ലാതെ എന്തു തെറ്റാ ആ പാവം ഹിറ്റ്ലര്‍ ചെയ്തത് ? വംശീയ ന്യൂനപക്ഷങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഹിറ്റ്ലറിന്റെ ന്യായം ദേശീയതയുടേയും ദേശസ്നേഹത്തിന്റേതുമായിരുന്നു. ഗുജറാത്തില്‍ മുസ്‌ലിം ഉന്‍മൂലനത്തിന്‌ ശ്രമിച്ച സംഘ്‌ പരിവാറിന്റേത് പോലെ. കമ്മ്യൂണിസ്റ്റുകളും ജൂതന്മാരും ഹിറ്റ്ലര്‍ക്ക് ദേശവിരോധികളാണെങ്കില്‍ സംഘ്‌ പരിവാരത്തിനത് മുസ്ലിംകളും കമ്മ്യൂണിസ്റ്റുകളും ക്രിസ്റ്റ്യാനികളുമാണെന്ന് മാത്രം. തീവ്ര ദേശീയത ചരിത്രത്തില്‍ നിര്‍വഹിച്ച പ്രതിലോമ ദൗത്യം എന്തു മാത്രം ഭീകരമാണ്‌. എന്നിട്ടും ഹിറ്റ്‌ലറെ മഹത്വവല്‍ക്കരിക്കുന്നവരുടെ ന്യായങ്ങളിലാണ്‌ നമുക്ക്‌ വിശ്വാസം എന്നത്‌ എത്ര അല്‍ഭുതകരമല്ല!
  -------------------
  വാല്‍ക്കഷ്ണം: കശ്മീര്‍ വിഘടനവാദത്തെ ചോര തെറിപ്പിച്ചും നേരിടണമെന്ന് പറയുന്നവര്‍ തന്നെയാണ്‌ സ്വതന്ത്ര ബലൂചിസ്ഥാന്‍ വാദത്തെ മഹത്തായ വിമോചനപ്പോരാട്ടമായി കൊണ്ടാടുന്നത്‌! സ്വന്തം യജമാനന്‍മാരുടെ താല്‍പര്യ സംരക്ഷണത്തിന്‌ ഏതു ധാര്‍മികതയും കളഞ്ഞു കുളിക്കാമെന്നാണോ?
  ഏറെ പ്രസിദ്ധമായ ഒരിംഗ്ലീഷ്‌ പഴമൊഴിയാണ്‌, തെമ്മാടിയുടെ അവസാനത്തെ ചീട്ടാണ്‌ രാജ്യസ്നേഹം(രാജ്യദ്രോഹം) എന്നത്‌! ഇന്ത്യന്‍ രാഷ്ട്രീയക്കാരെ സംബന്ധിച്ച്‌, ഭീകര പരിവാരത്തെക്കുറിച്ച്‌ ഏറെ ശരിയാവുമെന്ന് തോന്നുന്നു.

  ReplyDelete
 22. for further reading..

  (http://www.madhyamamonline.in/
  news_details.asp?id=8&nid=124736&page=1)

  ReplyDelete
 23. ഗള്‍ഫ്‌ മലയാളികളില്‍ നിന്ന് പലതും പറഞ്ഞ്‌ പണം അടിച്ച്‌ മാറ്റാന്‍ ഒരു മന്ത്രി ഗള്‍ഫില്‍ തേരാപാര നടക്കുന്നുണ്ട്‌. കഴിഞ്ഞ യു. ഡി. എഫ്‌ ഭരണത്തില്‍ അവരുടെ ചക്കരവാക്കുകേട്ട്‌ പണം മുടക്കിയവരൊക്കെ ഇന്ന് വഴിയാധാരമായ കഥ ആരും മറക്കരുത്‌. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തമായി ചെയ്യുക.മന്ത്രിയുടെ വാക്ക്‌ കേട്ട്‌ സര്‍ക്കാറിന്റെ കയ്യില്‍ കാശ്‌ കൊടുത്താല്‍ അവന്‍ തെണ്ടിയതുതന്നെ. ഇതു ഗള്‍ഫില്‍ കഷ്ടപ്പെട്ട്‌ പണിയെടുക്കുന്നവര്‍ ചതിയില്‍ പെടാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്‌ മാത്രമാണ്‌.
  പിപ്പിള്‍സ്‌ ഫോറം.

  ReplyDelete