Pages

Sunday, July 03, 2011

ഗൂഗിള്‍ പ്ലസ് ഫേസ്‌ബുക്കിനെ വെല്ലുമോ?

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് വര്‍ഷങ്ങളായി തങ്ങളുടെ അപ്രമാദിത്വം കാത്തുസൂക്ഷിക്കുകയായിരുന്നു ഫേസ്‌ബുക്ക്. ഫേസ്‌ബുക്കിന്റെ വരവോടു കൂടി മൈസ്‌പേസും ഗൂഗിളിന്റെ കീഴിലുള്ള ഓര്‍ക്കുടും വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ടു എന്നത് ഒരു സത്യം തന്നെയാണ്. മൈസ്‌പേസിന്റെ തനിപകര്‍പ്പാണ് ഫേസ്‌ബുക്ക് എന്ന് പരാതിപ്പെട്ടവര്‍ പോലും പക്ഷെ തെരഞ്ഞെടുത്തത് ഫേസ്‌ബുക്കിനെയായിരുന്നു. കാരണം മറ്റൊന്നുമല്ല, ഫേസ്‌ബുക്ക് ഉപയോക്താക്കള്‍ അനുഭവിച്ചറിഞ്ഞ സൗഹൃദപരത തന്നെയാണ്. ഇടയ്‌ക്ക് ഗൂഗിള്‍ ബസ് ഇറങ്ങിയെങ്കിലും, പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചില്ല.

ഇപ്പോള്‍ ഗൂഗിള്‍ രണ്ടും കല്‍‌പിച്ചിറങ്ങിയിരിക്കുകയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് പുതിയൊരു ചട്ടമ്പിയെ ഇറക്കിയിരിക്കുകയാണ് ഗൂഗിള്‍. ഫേസ്‌ബുക്കിനെ വെല്ലുന്ന തരത്തില്‍ തന്നെയാണ് 'ഗൂഗിള്‍ പ്ലസ്' എന്ന് പേരിട്ടിരിക്കുന്ന ഈ കമ്യൂണിറ്റി നെറ്റ്‌വര്‍ക്കിന്റെ ഘടന. ഒറ്റ നോട്ടത്തില്‍ ഫേസ്‌ബുക്കിന്റെ പകര്‍പ്പ് എന്നു പറയാമെങ്കിലും, ഒട്ടേറെ വ്യത്യസ്ഥകളുമായാണ് ഈ പ്രാവശ്യം ഗൂഗിള്‍ വന്നിരിക്കുന്നത്. ഗൂഗിള്‍ ബസിന്റെ ഗതി വരരുത് എന്ന് മനസ്സിലുറപ്പിച്ചു തന്നെയാണ് വരവ് എന്ന് തോന്നുന്നു.

വാള്‍ പോസ്‌റ്റുകള്‍ ഏകദേശം ഫേസ്‌ബുക്കിന്റെതു തന്നെയാണ്. ലൈക്കിനു പകരം, പ്ലസ് എന്ന ഐകണ്‍ കൊടുത്തു എന്നു മാത്രം. കമന്റും ഷെയറിംഗും എല്ലാം തഥൈവ. ഫോട്ടോ സെക്‌ഷനിലാണ് കുറച്ച് വ്യത്യസ്ഥത പുലര്‍ത്തിയിരിക്കുന്നത്. ഒരു ഫോട്ടോ തുറക്കുമ്പോള്‍, അതിനു താഴെ പ്രസ്‌തുത ആല്‍ബത്തിലെ മുഴുവന്‍ ഫോട്ടോകളുടേയും തമ്പ്‌നൈല്‍ വരുന്നു എന്നത് ആല്‍ബത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നുവെന്ന് പോലെ തന്നെ ആല്‍‌ബം ഫംക്‌ഷനുകള്‍ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്‌തിട്ടുണ്ട്. ഫോട്ടോകളിലെ കമന്റ് ഒപ്‌ഷന്‍ ഡിസൈനിംഗിലും സാങ്കേതികത്വത്തിലും ഏറേ ഹൃദ്യമാണ്. ഫോട്ടോ ആല്‍‌ബത്തില്‍ മൊത്തത്തിലൊരു തൂവല്‍സ്‌പര്‍ഷം അനുഭവിക്കാം.

സുഹൃത്തുക്കളെ ഗ്രൂപ് തിരിക്കുന്നതിനു ഉപയോഗിക്കുന്ന സര്‍ക്കിള്‍ എന്ന ഒപ്‌ഷന്‍ അതിന്റെ ഡിസൈനിംഗ് കൊണ്ടും 'ടച്ച് ഫീല്‍' കൊണ്ടും ഉപയോക്താക്കളെ വശീകരിക്കാന്‍ മാത്രം സുന്ദരിയാണ്. സുഹൃത്തുക്കളെ ആവശ്യാനുസരണം സര്‍ക്കിളൂകളിലേക്ക് ഡ്രാഗ് ചെയ്‌തിടാമെന്നത് സുഹൃത്‌വലയത്തെ ക്രോഡീകരിക്കുന്നത് ഫേസ്‌ബുക്കിനേക്കാള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. നമ്മുടെ പോസ്‌റ്റുകളും ഫോട്ടോകളും ആര്‍ക്കൊക്കെ കാണാം എന്ന് തീരുമാനിക്കാനുള്ള എളുപ്പ വഴി കൂടിയാണ് സര്‍ക്കിളിലൂടെ നമുക്ക് തുറന്നു കിട്ടുന്നത്. ഫേസ്‌ബുക്കിന്റെ ഒരു പരിമിതിയെ കൂടി പ്ലസ് മറികടന്നിരിക്കുന്നു എന്നര്‍ത്ഥം. ഫേസ്‌ബുക്കിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് പോസ്‌റ്റുകളുടെ ബാഹുല്യത്തിനിടയില്‍ നാം ഇഷ്‌ടപ്പെടുന്നവരുടെ പോസ്‌റ്റുകള്‍ കാണാതെ പോകുന്നു എന്നത്. അതിനുള്ള പരിഹാരം കൂടി സര്‍കിളുകളിലൂടെ പ്ലസ് നല്‍‌കുന്നു. ആവശ്യമുള്ള സര്‍കിള്‍ ക്ലിക് ചെയ്യുമ്പോള്‍ പ്രസ്‌തുത സര്‍ക്കിളിലുള്ള സുഹൃത്തുക്കളുടെ മാത്രം പോസ്‌റ്റുകള്‍ വായിക്കാന്‍ കഴിയുന്നു. അതു കൊണ്ട് തന്നെ പോസ്‌റ്റുകള്‍ 'മിസ്സ്' ആയിപ്പോയി എന്നു പരിഭവിക്കേണ്ടതില്ല.

ഹാങ്-ഔട് ഫംക്ഷന്‍ ഏറെ രസകരമാണ്. സുഹൃത്തുക്കള്‍ തമ്മിലുള്ള ഗ്രൂപ് വീഡിയോ ചാറ്റ് ആണ് ഹാങ്ക്‌ഔട്ടിലൂടെ സാധിക്കുന്നത്. സുഹൃത്തുക്കളിലാരെങ്കിലും ഹാങ്-ഔട്ട് ആണെങ്കില്‍ നോട്ടിഫിക്കേഷന്‍ കാണിക്കും. ഒരു ക്ലിക്കിലൂടെ നമുക്കും അവരുടെ ഹാങ്ക്-ഔട്ടില്‍ ചാടിക്കയറി കളിചിരികളില്‍ പങ്കു ചേരാം. ആന്‍‌ഡ്രോയിഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്കുള്ള ഗ്രൂപ് ടെക്‌സ്‌റ്റ് ചാറ്റിനുള്ള വേദിയാണ് ഹഡ്ഡില്‍ എന്ന ഫംക്ഷനിലൂടെ പ്ലസ് ഒരുക്കിയിരിക്കുന്നത്.

ഫേസ്‌ബുക്കില്‍ ഉള്ളതു പോലെ, ഗെയിമുകളും ആപ്‌സുകളും പ്ലസില്‍ കാണാന്‍ സാധിച്ചിട്ടില്ല. ചിലപ്പോള്‍ പൂര്‍ണ്ണമായും രംഗത്തിറങ്ങുമ്പോള്‍ ചേര്‍ക്കുമായിരിക്കും. അതു പോലെ, ഗൂഗിള്‍ ഗ്രൂപ്‌സിനെയും ജി-മെയിലിനെയും പ്ലസിന്റെ കീഴില തന്നെ അണിനിരത്തുകയാണെങ്കില്‍, പ്ലസിനെ വെല്ലാന്‍ ഫേസ്‌ബുക്ക് മറ്റൊരു ജന്മം ജനിക്കേണ്ടി വരുമെന്നതില്‍ യാതൊരു സംശയവും വേണ്ട.

മൊത്തത്തില്‍, പ്ലസിലെ ഫംക്‌ഷനുകളുടെ വേഗതയായിരിക്കാം ചിലപ്പോള്‍ ഫേസ്‌ബുക്കില്‍ നിന്നും ഒട്ടേറെ ഉപയോക്താക്കളെ പ്ലസിലേക്ക് ആകര്‍ഷിക്കാവുന്ന ഒരു ഘടകം. മാത്രമല്ല, പ്ലസിന്റെ  സൗന്ദര്യവും ചിലപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോക്താക്കളുടെ കാമുകി എന്ന സ്ഥാനം ഫേസ്‌ബുക്കിനു നഷ്‌ടപ്പെടുത്തിയേക്കാം. കാരണം, ആപ്പിള്‍ ഓപറേറ്റിംഗ് സിസ്‌റ്റം മാകിംറ്റോഷിന്റെ ഡിസൈനര്‍ ആന്‍ഡി ഹെര്‍ട്സ്‌ഫെല്‍‌ഡ് ആണ് ഗൂഗിള്‍ പ്ലസിന്റെ ഇന്റര്‍ഫേസും ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. അതിനു മാത്രം സുന്ദരിയായിട്ടുമുണ്ട് ഗൂഗിള്‍ പ്ലസ്.

ഗൂഗിള്‍ പ്ലസ് ഇപ്പോഴും ഗോദയിലിറങ്ങിയിട്ടില്ല. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് പരീക്ഷണമെന്ന നിലയില്‍ ഇപ്പോള്‍ അക്കൗണ്ട് കൊടുത്തിട്ടുള്ളത്. അക്കൗണ്ട് ഉള്ളവര്‍ വഴി ക്ഷണിക്കപ്പെടുന്നവര്‍ക്കാണ് ഇപ്പോള്‍ പ്ലസ് ആകാന്‍ സാധിക്കുന്നത്. നമുക്ക് കാത്തിരിക്കാം, ഫേസ്‌ബുക്കില്‍ നിന്നും ചാടുന്നതിനുള്ള ആ സമയത്തിനായി. മൈ‌സ്‌‌പേസിന്റെ ഗതി'കേടി'ലേക്ക് വീഴാതിരിക്കാന്‍ ഫേസ്‌ബുക്ക് നടത്തുന്ന പുതിയ ചുവടുമാറ്റങ്ങളെ കുറിച്ചറിയാനും. എന്റെ ഗൂഗിള്‍ പ്ലസ് ഇതാ ഇവിടെ :)


ഗൂഗിള്‍ പ്ലസ് ഫേസ്‌ബുക്കിനെ വെല്ലുമോ?SocialTwist Tell-a-Friend

9 comments:

 1. നന്നായ്..
  മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ഇതിന്റെ ലിങ്ക് കൊടുക്കുന്നു.

  ReplyDelete
 2. ഇൻഫോർമേറ്റീവ്!! നല്ല പോസ്റ്റ്

  ReplyDelete
 3. @നൗഷാദ് അകമ്പാടം - my pleasure. :)
  thnx കണ്ണന്‍ | Kannan

  ReplyDelete
 4. ORU INVITATION KITTUMO? DEEPESHDKURUP@GMAIL.COM

  ReplyDelete
 5. എല്ലാം കാത്തിരുന്നു കാണാം. ഫേസ് ബുക്ക്‌ എന്ന ആള്‍ മരത്തിനു നന്നായി വേര് ഉറച്ചു കഴിഞ്ഞു. ഇന്ന് വെബ്ബില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്താണ്‌ അവര്‍. അതിനെ പിഴുതു മാറ്റുക. അത്ര എളുപ്പമല്ല. ഒരു പാട് സര്‍വിസുകള്‍ കൊണ്ടാണ് ഗൂഗിള്‍ ഒന്നാം സ്ഥാനത് നില്കുന്നത്. അവരുടെ വീഡിയോ ഷയരിംഗ് സര്‍വീസ് ആയ Youtube പോലും ഫേസ് ബുക്കിന്റെ പുറകിലാണ്...

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. പണ്ട് google വന്നപ്പോള്‍ yahoo നെ ഇത് പോലെ പറഞ്ഞതായി ഞാന്‍ കേട്ടിടുണ്ട്.അത് പോലെയാണ് ഇന്ന് Facebook നെ മറികടക്കാന്‍ google + നു സാധികില്ല എന്ന് മറ്റുള്ള്ളവര്‍ പറയുന്നത്.സാധികുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.എങ്കിലും ഒരിക്കലും പറ്റില്ല എന്ന് പറയുന്നവര്‍ ഒരു കാര്യം മനസിലാക്കണം.Facebook നെ പോലെ തന്നെ myspace ഉം orkut ഉം ഉപയോഗിക്കുന്നവര്‍ ഇന്ന് ധാരാളമുണ്ട്.

  ReplyDelete
 8. എല്ലാവരും ഒരു കാര്യം അറിയണം Facebook ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ മാത്രമാണ്.Google ഒരു search engine ആണ്.ഒരു പാട് ആളുകള്‍ Facebook അല്ലാത്ത social network ഉപയോഗിക്കുകയും അതിനെ കുറിച്ച് സംസാരിക്കയും ചെയ്യുന്നു. Facebook നെ മറികടക്കാന്‍ google + നു ഒരിക്കലും സാധികില്ല എന്ന് പറയുന്നവര്‍ക് ഒരു ചോദ്യം ?Google അല്ലാത്ത ഒരു search engine കുറിച്ച് എത്ര പേര്‍ക് ആലോചിക്കാന്‍ സാധിക്കും?

  ReplyDelete