Pages

Thursday, July 28, 2011

ജനനനിയന്ത്രണം - പുകമറയ്‌ക്കു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

ജനനനിയന്ത്രണത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങളും ശുപാര്‍ശങ്ങളും കാലങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന 'പുരോഗമന'വര്‍ത്തമാനങ്ങളാണ്. ഇതിന്റെ ഭാഗമായി പുരുഷവന്ധ്യംകരണത്തിന്റെ പ്രചാരണവുമായി സര്‍ക്കാറുകള്‍ തന്നെ രംഗത്തിറങ്ങിയത് പോലും വാര്‍ത്തയായി മാറാത്തിടത്തോളം സാമാന്യവല്‍കരിക്കപ്പെട്ടിരിക്കുന്നു കാര്യങ്ങള്‍ . രാജസ്ഥാനിലും ന്യൂഡല്‍‌ഹിയിലുമൊക്കെ പുരുഷവന്ധ്യംകരണത്തിനു തയ്യാറുള്ളവരില്‍ നിന്നും നറുക്കെടുത്ത് വിജയികള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടാണ് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. ഇത്തരം ദല്ലാള്‍‌മാര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രചരണത്തിനിറങ്ങിയിട്ടുണ്ട്. ഒരു കുഞ്ഞിക്കാലു കാണാന്‍ ആശുപത്രികള്‍ കയറിയിറങ്ങുന്ന ലക്ഷക്കണക്കിന് ഹതഭാഗ്യര്‍ താമസിക്കുന്ന ഇന്ത്യയില്‍ തന്നെയാണ് ഊര്‍ജ്ജിതമായ ഈ കാമ്പയിനും നടക്കുന്നത്.

അടിയന്തിരാവസ്ഥാകാലത്ത് സഞ്ജയ് ഗാന്ധി നടപ്പിലാക്കിയ നിര്‍ബന്ധിത വന്ധ്യംകരണം ഏറെ വിവാദമായിരുന്നു. ഇപ്പോഴത് നിര്‍ബന്ധിതം മാറ്റി പ്രലോഭനം ആയെന്ന് മാത്രം. രാജ്യത്തെ പട്ടിണിയുടെ മൂലകാരണം ജനസംഖ്യാവര്‍ദ്ധനവാണ് എന്ന ഭീതിയാണ് സര്‍ക്കാറുകളെ ഇത്തരം നടപടികളുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്.

(pic taken from google pics)

മനുഷ്യര്‍ ഭൂമിയില്‍ ജനിച്ചു വീഴുന്നത് വെറും ഉപഭോക്താവ് മാത്രമായിട്ടല്ല, മറിച്ച് ബൗദ്ധികവും ശാരീരികവുമായ ഉത്‌പാദനക്ഷമത കൂടി ഉള്‍‌ചേര്‍ന്നു കൊണ്ടാണ് എന്ന പ്രാഥമികയാഥാര്‍ത്ഥ്യം വിസ്‌മരിക്കുന്നവരാണ് ജനസംഖ്യാവിസ്‌ഫോടനത്തെ വല്ലാതെ ഭയക്കുന്നത്. മനുഷ്യര്‍ക്ക് ആവശ്യത്തേക്കാളധികം വിഭവങ്ങള്‍ ഭൂമിയിലുണ്ടെന്നും വിതരണത്തിലെ അസന്തുലിതത്വമാണ് യഥാര്‍ത്ഥപ്രശ്‌നമെന്നും ഐക്യരാഷ്‌ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികല്‍ചറല്‍ ഓര്‍ഗനൈസേഷന്റെ 'വേള്‍ഡ് ഫുഡ് പ്രോഗ്രാമില്‍ ' വ്യക്തമാക്കുന്നു. പട്ടിണിക്ക് കാരണമായി 'വേള്‍ഡ് ഫുഡ് പ്രോഗ്രാമില്‍ ' ചൂണ്ടിക്കാണിച്ച അഞ്ചു അടിസ്ഥാന കാര്യങ്ങളില്‍ 'ജനസംഖ്യാവര്‍ദ്ധനവ്' ഒരു കാരണമായി പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 1970-കളില്‍ ലോകത്ത് ഉത്പാദിപ്പിക്കപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളേക്കാള്‍ ബില്യന്‍ കണക്കിനു അധികവിഭവം, അന്നുപയോഗിച്ചതിനേക്കാള്‍ കുറഞ്ഞ ഭൂമിയില്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ് യു.എസ് കൃഷിവകുപ്പിന്റെ കണക്കുകള്‍. ജനസംഖ്യാ വിസ്‌ഫോടനം മാത്രമല്ല, അതിനനുസൃതമായി ജീവിക്കാന്‍ ആവശ്യമായ ശാസ്‌ത്ര-സാങ്കേതിക കാര്‍ഷിക വിസ്‌ഫോടനവും ഇവിടെ നടക്കുന്നു എന്നതിന്റെ കണക്കുകളാണിത്.

ജനസംഖ്യാവര്‍ദ്ധനവ് ആണ് ഭൂമിയുടെയും ഭക്ഷണത്തിന്റെയും ദൗര്‍ലഭ്യതയ്ക്ക് കാരണം എന്നത് ഒരു കാല്‍‌പനികകഥ മാത്രമാണ്. ഈ കഥാരചന ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1890-ല്‍ രൂക്ഷമായ ഭക്ഷ്യദൗര്‍ലഭ്യത അനുഭവിക്കുമെന്നാണ് പ്രശസ്‌ത ബ്രിട്ടിഷ് ഡെമോഗ്രാഫര്‍ തോമസ് മാല്‍‌തസ് പ്രഖ്യാപിച്ചിരുന്നത്. ആ പ്രതിസന്ധിയെ നേരിടാന്‍ മനുഷ്യരെ കൊല്ലണമെന്ന് വരെ അദ്ദേഹം പ്രതിവിധി നിര്‍ദ്ദേശിച്ചു. പ്രശസ്‌ത ജര്‍മന്‍ ശാസ്‌ത്രജ്ഞന്‍ പോള്‍ ഏര്‍ലിഷ് പ്രവചിച്ചത്, 1970-ല്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുമെന്നായിരുന്നു. പിന്നീട് 1980-ല്‍ ജനസംഖ്യാവര്‍ദ്ധനവ് കാരണം ലോകം തന്നെ അവസാനിക്കുമെന്ന വര്‍ത്തമാനങ്ങള്‍ വന്നു. അതും നടക്കാതെ വന്നപ്പോള്‍ 2009-നെ കയറിപ്പിടിച്ചു. ദൈവം സഹായിച്ച് എല്ലാവരും 2012-ല്‍ എത്തി നില്‍ക്കുന്നു.

മാനവവിഭവശേഷി ഒരു രാജ്യത്തിന്റെ ശക്തിസ്രോതസ്സുകളില്‍ ഒന്നാണ്. അവര്‍ക്ക് വ്യക്തമായ വിദ്യാഭ്യാസം നല്‍‌കി അവരെ രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി ഉപയോഗിക്കുക എന്നതിലാണ് സര്‍ക്കാറിന്റെ മിടുക്ക്. അതിനു പകരം നാട്ടില്‍ മനുഷ്യര്‍ തന്നെ വേണ്ട എന്നു പറഞ്ഞ് നടക്കുന്നത് കഴിവു കെട്ട ഭരണാധികാരികളുടെ കുരുട്ടുബുദ്ധി മാത്രമാണ്. ഇത്തരത്തില്‍ ഒരു കാലത്ത് കുടുംബാസൂത്രണവുമായി നടന്ന ചില രാജ്യങ്ങള്‍ ഇപ്പോള്‍ പ്രത്യുത്‌പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ സമ്മാനപദ്ധതികളുമായി ഓടിനടക്കുന്നുവെന്നത് മറ്റൊരു തമാശ. പ്രത്യുല്‍‌പാദന വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം സം‌രക്ഷിക്കുന്നതിനു വേണ്ടി പ്രത്യുത്‌പാദന നിയമം വരെ ലോകാരോഗ്യ സംഘടന രൂപം നല്‍കിയിട്ടുണ്ട്. പ്രകൃത്യാ ലഭിച്ച മനുഷ്യന്റെ അവകാശങ്ങള്‍ക്കു മേല്‍ രാജ്യങ്ങള്‍ അധികാരമുപയോഗിച്ചോ പ്രലോഭനങ്ങള്‍ വഴിയോ കൈ വെക്കാതിരിക്കാന്‍ വേണ്ടി തന്നെയാണിത്തരം നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടത്.

ജനസാന്ദ്രത കുറയുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് കാരണമാകുമെന്നത് സ്വപ്‌നം മാത്രമാണ്. എങ്കില്‍ കോംഗോ വലിയ സമ്പന്ന രാഷ്‌ട്രമായേനെ. ഒരു സ്‌ക്വയര്‍ മൈലില്‍ വെറും 72 ആളുകളുടെ ജനസാന്ദ്രതയുള്ള കോംഗോ ലോകത്തെ ദരിദ്രരാഷ്‌ട്രങ്ങളില്‍ പെടുമ്പോള്‍, 1,259 ആളുകളുടെ ജനസാന്ദ്രതയുള്ള നെതര്‍ലാന്റ്‌സ് സമ്പന്നരാഷ്‌ട്രങ്ങളിലൊന്നാണ്. ഇന്ത്യയുടെ ജനസാന്ദ്രത 945 ആണെന്നതും ചേര്‍ത്ത് വായിക്കുക. കൃഷിയോഗ്യമായ ഭൂമിയുടെ പകുതിയില്‍ താഴെ മാത്രമേ കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്നുള്ളൂ എന്ന യാഥാര്‍ത്ഥ്യം കൂടി ഇതുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടതുണ്ട്. ഇനി ഭൂമിയിലെ സ്ഥലലഭ്യത. ലോകത്തെ മുഴുവന്‍ ജനങ്ങളേയും ടെക്‌സ്സാസ് സ്‌റ്റേറ്റില്‍ മാത്രം ഒരുമിച്ചു കൂട്ടിയാല്‍ പോലും, ഒരാള്‍ക്ക് 1000 Sq.Ft-ല്‍ കൂടുതല്‍ സ്ഥലം കിട്ടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനു മാത്രം സ്ഥലലഭ്യത ഭൂമിയില്‍ ഉണ്ടെന്നര്‍ത്ഥം. ഭൂമിലഭ്യതയുടെ കാര്യത്തില്‍ ഇന്ത്യയിലേക്ക് വന്നാല്‍; വനഭൂമി, മരുഭൂമി, കൃഷിഭൂമി, മറ്റു മേഖലകള്‍ മാറ്റി നിര്‍ത്തിയാല്‍ പോലും 121 കോടി ജനങ്ങളില്‍ ഓരോ വ്യക്തിക്കും 5000 Sq.Ft-നടുത്ത് സ്ഥലം ലഭ്യമാണ്. ഇന്ത്യയിലെ മൊത്തം ഭൂമിയുടെ 17% മാത്രം എടുത്തു കൊണ്ടുള്ള കണക്കാണിത്. ഇന്ത്യയില്‍ കോടതികേസുകളില്‍ പെട്ട് ആര്‍ക്കും ഉപകാരപ്പെടാതെ 1.1 മില്യന്‍ ഏക്കര്‍ ഭൂമി കിടപ്പുണ്ട് എന്നതും മറ്റൊരു വസ്‌തുതയാണ്.

വിഭവവിതരണത്തിലെ അസന്തുലിതത്വമാണ് ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും യഥാര്‍ത്ഥ കാരണക്കാരന്‍ എന്ന സത്യം മറച്ചു വെച്ചാണ് ജനസംഖ്യാവര്‍ദ്ധനവിനെ പഴി ചാരുന്നത്. വിലനിയന്ത്രണത്തിന്റെ പേരില്‍ തടഞ്ഞു വെച്ചും, വിതരണത്തിലെ ആസൂത്രണമില്ലായ്‌മയും ഗോഡൗണിന്റെ അപര്യാപ്‌തത മൂലവും ടണ്‍ കണക്കിന് ധാന്യം നമ്മുടെ രാജ്യത്ത് ഓരോ വര്‍ഷവും നശിക്കുന്നുണ്ട്. അതിന്റെ പേരില്‍ കോടതിയുടെ വിമര്‍ശനം സര്‍ക്കാര്‍ കേട്ടത് ഈയടുത്താണ്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും, രാജ്യത്തിന്റെ ഭൂരിഭാഗം സ്വത്തും വിരലിലെണ്ണാവുന്ന ശതമാനം കുത്തകകള്‍ ഒരു വശത്ത് കൂട്ടിവെച്ചിരിക്കുമ്പോള്‍ മറുഭാഗത്ത് ഭൂരിഭാഗം ജനം ആഹാരത്തിനും കിടപ്പാടത്തിനും വേണ്ടി വലയുന്നു. ഈ അസന്തുലിതാവസ്ഥ മാറ്റാന്‍ സര്‍ക്കാറിനു സാധിക്കുന്നില്ല. വേറൊരര്‍ഥത്തില്‍ അതിനവര്‍ മുന്‍‌കൈയെടുക്കുന്നില്ല. ഇത്തരം തലതിരിഞ്ഞ സാമ്പത്തികനയത്തെ വന്ധ്യം‌കരിക്കാത്തിടത്തോളം കാലം, രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും വന്ധ്യംകരിച്ചാലും ഇവിടുത്തെ പട്ടിണി മാറുമെന്ന് തോന്നുന്നില്ല.
ജനനനിയന്ത്രണം - പുകമറയ്‌ക്കു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍SocialTwist Tell-a-Friend

2 comments:

  1. സുഹൃത്തെ,
    കാലിക പ്രസക്തിയുള്ള ഇത്തരം ലേഖനങ്ങള്‍ താങ്കള്‍ www.ourkasaragod.com ല്‍ പോസ്റ്റ് ചെയ്യുമോ?
    അനുകൂല പ്രതികരണം തേടുന്നു.

    ReplyDelete
  2. :)
    കാമ്പുള്ള ലേഖനം..

    ReplyDelete