Pages

Wednesday, June 04, 2014

നാടില്ലാത്തവനോട് നാറ്റിവിറ്റി ചോദിക്കുന്നവര്‍

ഇന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ നടത്തിയ യാത്രക്കിടയില്‍ ഇന്നും മനസ്സില്‍ അണയാതെ എരിയുന്ന ഓര്‍മക്കനലുകളിലൊന്നാണ് ആസാം കലാപബാധിത പ്രദേശങ്ങളില്‍ നടത്തിയ സന്ദര്‍ശനം. ആസാമിലെ ബിലാസിപാറ എന്ന സ്ഥലത്തെ ഒരു അഭയാര്‍ത്ഥി ക്യാമ്പാണിത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്യാമ്പാണെന്ന് തെറ്റിദ്ധരിക്കരുത്. കലാപകാരികളില്‍ നിന്നും രക്ഷപ്പെടാന്‍ ജീവന്‍ മാത്രം കൈയില്‍ പിടിച്ച് വീടും നാടും വിട്ടോടിയ ആയിരക്കണക്കിനു മനുഷ്യര്‍, കയറിക്കിടക്കാന്‍ ഒരിടം തേടി എത്തിപ്പെട്ട സ്ഥലത്തെ സ്‌കൂളുകളുടെ താഴുകള്‍ തകര്‍ത്ത് 'അനധികൃതമായി' താമസമാരംഭിച്ചതാണ്. മാധ്യമങ്ങള്‍ അതിനെ അഭയാര്‍ത്ഥി ക്യാമ്പ് എന്നു വിശേഷിപ്പിച്ചത് അവരുടെ കാരുണ്യം. ഒരോ ക്ലാസ് മുറിയികളിലും മുപ്പതിലധികം ആളുകള്‍ തിങ്ങി താമസിക്കുന്ന കാഴ്‌ച. അവരില്‍ വൃദ്ധരുണ്ട്.. ഗര്‍ഭിണികളുണ്ട്.. കൈക്കുഞ്ഞുങ്ങളുണ്ട്.. കലാപത്തില്‍ പരിക്കേറ്റവരുണ്ട്..! ഈ സ്‌കൂളില്‍ മാത്രം മൂവായിരത്തോളം ആളുകള്‍ താമസിക്കുന്നു. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം എത്രമാത്രമുണ്ടാകുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ഇതു പോലെ നിരവധി ക്യാമ്പുകള്‍.


ലക്ഷക്കണക്കിനു വരുന്ന ഇവര്‍ക്ക് തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്ന യാതൊരു രേഖയുമില്ല. കലാപാഗ്നിയില്‍ അവരുടെ സ്വപ്‌നങ്ങളോടൊപ്പം രേഖകളും കത്തി നശിച്ചു. അധികാര രാഷ്‌ട്രീയത്തിന്റെ കണക്കുകള്‍ മാത്രം കൂട്ടാന്‍ അറിയുന്ന ഭരണാധികാരികളില്‍ നിന്നും അവര്‍ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. ഉത്തരേന്ത്യന്‍ ജീവിതസാഹചര്യങ്ങളുടെ ഒരു പ്രതീകം മാത്രമാണ് ആസാം. ഗുജറാത്തടക്കമുള്ള മറ്റനവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ട് ഇതു പോലെ ലക്ഷക്കണക്കിനാളുകള്‍. ആശകളും പ്രതീക്ഷളും നഷ്‌ടപ്പെട്ട.. പ്രതികരണശേഷിയും ആത്മവിശ്വാസവും നഷ്‌ടപ്പെട്ട ഒരു സമൂഹം. ചിലര്‍ മാനസികനില നഷ്‌ടപ്പെട്ട് മൗനിയായി ഇരിക്കുന്നു. ഇവരെ ഏതെങ്കിലും മതത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. കണ്‍‌മുന്നില്‍ ശൂന്യത മാത്രം കാണുന്ന ഇവര്‍ക്കെന്ത് മതം.. എന്ത് ദൈവം..! അവര്‍ക്ക് വസ്‌ത്രങ്ങളും ഭക്ഷണവും എത്തിച്ചു നല്‍കുന്ന സന്നദ്ധസേവകരാണ് ആ സമയങ്ങളില്‍ അവരുടെ ദൈവം. അവരോട് മൊഴിയുന്ന സമാധാനവാക്കുകളാണ് അവര്‍ക്ക് വേദവാക്യം. തങ്ങളുടെ ജോലിയും കുടുംബവും വിട്ട് ഇരകളുടെ ക്യാമ്പുകളില്‍ മാസങ്ങളോളം താമസിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മലയാളികളടക്കമുള്ള നൂറുക്കണക്കിനാളുകളെ ഈ അവസരത്തില്‍ അസൂയയോടു കൂടി ഓര്‍ക്കുകയാണ്. ഇരകളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ആ സന്നദ്ധപ്രവര്‍ത്തകര്‍ ഊന്നല്‍ നല്‍കിയ മറ്റൊരു കാര്യമുണ്ടായിരുന്നു. ഇരകളുടെ നഷ്‌ടപ്പെട്ട രേഖകള്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും പകര്‍പ്പ് ലഭ്യമാക്കാനുള്ള ശ്രമം. ലക്ഷക്കണക്കിനാളുകളില്‍ എത്ര പേര്‍ക്ക് ആ പകര്‍പ്പ് കിട്ടിയിട്ടുണ്ടാകും..!?

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചരിത്രശാപങ്ങളേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട ഈ സമൂഹം, അവസാനം എവിടെയെങ്കിലും കുടില്‍ കെട്ടി വീണ്ടുമൊരു ജീവിതമാരംഭിക്കാന്‍ ശ്രമിക്കുന്നു. ആയിരക്കണക്കിനു കുട്ടികള്‍ വിശപ്പടക്കാന്‍ വേണ്ടി ഇഷ്‌ടികച്ചൂളകളിലും മറ്റും ജോലി ചെയ്യുന്ന കാഴ്‌ച കാണാന്‍ ആസാമിലും ബംഗാളിലുമൊക്കെ ഒരു യാത്ര നടത്തിയാല്‍ മതി. ഖബറടക്കപ്പെട്ട ഇവരുടെ ആശകള്‍ക്കു മീതെയെഴുതിയ ചരമഗീതമാണ് സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട്.

ഒരു വര്‍ഷം മുമ്പ് നടത്തിയ യാത്രയുടെ അനുഭവങ്ങള്‍ ഇപ്പോള്‍ മനസ്സിലേക്കോടി വന്നത് മറ്റൊന്നും കൊണ്ടല്ല. സ്വന്തം നാട്ടില്‍ നിന്നും ആട്ടിയകറ്റപ്പെട്ട ഒരു സമൂഹത്തെ തടഞ്ഞു നിര്‍ത്തി നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്ന മലയാളി സാമൂഹ്യബോധത്തോട്, കേരളത്തിനു പുറത്തുമുണ്ടൊരു ഇന്ത്യ എന്ന ഓര്‍മപ്പെടുത്തല്‍ മാത്രമാണ്. ക്ഷമിക്കുക. ഈ എഴുതിയത് മുഴുവന്‍ സമയനഷ്‌ടമാണെന്നറിയാം. കാരണം, 'തീവ്രവാദം' 'മനുഷ്യക്കടത്ത്' 'അനധികൃത കുടിയേറ്റം' തുടങ്ങിയ നെഗറ്റീവ് ലെന്‍സുകളിലൂടെയല്ലാതെ സഞ്ചരിക്കാന്‍ മാത്രം നമ്മുടെ കാഴ്‌ചകള്‍ക്ക് കെല്‍‌പില്ല എന്നതു തന്നെ.
നാടില്ലാത്തവനോട് നാറ്റിവിറ്റി ചോദിക്കുന്നവര്‍SocialTwist Tell-a-Friend

1 comment:

  1. അവയൊക്കെ അവിവേകികളുടെ ജല്പനങ്ങളെന്ന് കരുതണം വിവേകമതികള്‍

    ReplyDelete